കാന്‍ഡി : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) മത്സരത്തിന്‍റെ തീയതിയായി (Asia cup 2023 India super four match Schedule). ടൂര്‍ണമെന്‍റിന്‍റെ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ സെപ്‌റ്റംബര്‍ 10 ഞായറാഴ്‌ചയാണ് ചിരവൈരികള്‍ വീണ്ടും നേര്‍ക്കുനേര്‍ എത്തുന്നത് (Asia cup 2023 India vs Pakistan super four match date).
പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ-പാക് മത്സരവേദി ഹംബന്‍തോട്ട സ്റ്റേഡിയത്തിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
ഗ്രൂപ്പ് എയില്‍ നിന്നുമാണ് ഇന്ത്യ-പാകിസ്ഥാന്‍ ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് കടന്നത്. ഗ്രൂപ്പ് എയില്‍ ഓരോ വിജയങ്ങള്‍ വീതമാണുള്ളതെങ്കിലും പാകിസ്ഥാന്‍ ഒന്നാം സ്ഥാനക്കാരായും ഇന്ത്യ രണ്ടാം സ്ഥാനക്കാരായുമാണ് മുന്നേറ്റം ഉറപ്പിച്ചത്. നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന്‍ ഇന്ത്യയെ പിന്നിലാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ഇരു ടീമുകളും തമ്മിലുള്ള മത്സരം മഴയെടുത്തിരുന്നു.
യോഗ്യത നേടുന്ന ഓരോ ടീമുകളും പരസ്‌പരം മത്സരിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ നടക്കുന്ന സൂപ്പര്‍ ഫോറില്‍ സെപ്‌റ്റംബര്‍ 12, 15 തീയതികളിലാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍. 12-ന് ഗ്രൂപ്പ് ബിയില്‍ ഇന്ന് നടക്കുന്ന അഫ്‌ഗാനിസ്ഥാന്‍-ശ്രീലങ്ക മത്സരത്തിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങിയ അഫ്‌ഗാനിസ്ഥാന് ലങ്കയ്‌ക്കെതിരെ വലിയ വിജയം നേടിയാല്‍ മാത്രമേ സൂപ്പര്‍ ഫോറിലേക്ക് കടക്കാന്‍ കഴിയൂ.
കാരണം തങ്ങളുടെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. ഇതോടെ ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ക്ക് രണ്ട് പോയിന്‍റ് വീതമാണ് നിലവിലുള്ളത്. +0.951 എന്ന നെറ്റ് റണ്‍ റേറ്റുമായി ശ്രീലങ്കയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് +0.373 നെറ്റ് റണ്‍റേറ്റുള്ളപ്പോള്‍ അവസാന സ്ഥാനക്കാരായ അഫ്‌ഗാന് -1.780 ആണ് റണ്‍ റേറ്റ്.
അതേസമയം സെപ്‌റ്റംബര്‍ 15-ന് ബംഗ്ലാദേശിന് എതിരെയാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെ അവസാന മത്സരം കളിക്കുക. സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന ടീമുകള്‍ തമ്മിലാണ് ഫൈനല്‍ മത്സരം കളിക്കുക. 17-ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഏഷ്യ കപ്പിന്‍റെ കലാശപ്പോര് നിശ്ചയിച്ചിരിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം.