ദുബായ് : ഏഷ്യ കപ്പും (Asia Cup 2023) ഏകദിന ലോകകപ്പും (ODI World Cup 2023) നടക്കാനിരിക്കെ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അരങ്ങ് തകര്‍ക്കുകയാണ്. പ്രധാനമായും നാലാം നമ്പറാണ് സംസാര വിഷയം. 2019-ലെ ഏകദിന ലോകകപ്പ് മുതല്‍ പലതാരങ്ങള്‍ ഈ റോളില്‍ കളിച്ചുവെങ്കിലും ഒരു സ്ഥിരക്കാരനുണ്ടായിട്ടില്ല.
സമീപ കാലത്ത് ശ്രേയസ് അയ്യരാണ് (Shreya Iyer) നാലാം നമ്പര്‍ കയ്യാളുന്നത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് മടങ്ങിയെത്തുന്ന താരത്തിന് എത്രത്തോളം മികവ് പുലര്‍ത്താന്‍ കഴിയുമെന്ന ആശങ്കകള്‍ പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ നാലാം നമ്പറിലെ ആശങ്കകള്‍ അവസാനിപ്പിക്കാന്‍ വിരാട് കോലിക്ക് (Virat Kohli) കഴിയുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ് (AB de Villiers on India cricket team's batting order).
"ഇന്ത്യയുടെ നാലാം നമ്പർ ബാറ്റർ ആരായിരിക്കുമെന്നതിനെക്കുറിച്ചാണ് നമ്മള്‍ ഇപ്പോഴും സംസാരിക്കുന്നത്. വിരാട് കോലി ആ നമ്പറില്‍ കളിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടുള്ള ചില കിംവദന്തികൾ ഞാൻ കേട്ടിട്ടുണ്ട്. അതിനെ ഞാന്‍ ശക്തമായി പിന്തുണയ്‌ക്കുന്നു.
ഇന്ത്യയുടെ നാലാം നമ്പറില്‍ കളിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം വിരാട് കോലി തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത് (AB de Villiers on Virat Kohli). മധ്യനിരയിൽ ഏത് തരത്തിലുള്ള റോളിലും കളിച്ച് ഒരു മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന് കഴിയും. പക്ഷേ, വിരാട് അത് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.
അവൻ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്‌ടപ്പെടുന്നുവെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ആ നമ്പറില്‍ ബാറ്റുചെയ്‌തുകൊണ്ടാണ് അവന്‍ കൂടുതല്‍ റണ്‍സടിച്ചിട്ടുള്ളത്. പക്ഷേ, ടീമിന് ആവശ്യമുള്ള സമയത്ത് നിങ്ങള്‍ വ്യത്യസ്‌തമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്"- എബി ഡിവില്ലിയേഴ്‌സ് (AB de Villiers) പറഞ്ഞു.
തന്‍റെ യൂട്യൂബ് ചാനലായ 'എബി ഡിവില്ലിയേഴ്‌സ് 360'-ൽ സംസാരിക്കവേയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോലിയുടെ സഹതാരമായിരുന്ന എബി ഡിവില്ലിയേഴ്‌സിന്‍റെ പ്രതികരണം. തന്‍റെ റണ്‍സിലധികവും നേടിയത് മൂന്നാം നമ്പറിലാണെങ്കിലും നാലാം നമ്പറിൽ കോലിക്ക് മികച്ച റെക്കോഡാണുള്ളത്. നാലാം നമ്പറില്‍ 55.21 ശരാശരിയും 90.66 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. ഏഴ് സെഞ്ചുറികളടിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 2020 ജനുവരിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മുംബൈയിൽ കളിച്ചതിന് ശേഷം താരം നാലാം നമ്പറില്‍ ഇറങ്ങിയിട്ടില്ല.
അതേസമയം ഏഷ്യ കപ്പ് സ്‌ക്വാഡ് പ്രഖ്യാപനത്തിന് പിന്നാലെ നാലാം നമ്പറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) ശ്രമം നടത്തിയിരുന്നു. ബാറ്റിങ് ഓര്‍ഡറില്‍ ഒരു സ്ഥാനത്ത് താന്‍ മികച്ചതാണെന്ന് പറയുന്ന ഒരു കളിക്കാരനും ടീമിലുണ്ടാവരുത്. ആവശ്യമുള്ളപ്പോൾ എവിടെയും ബാറ്റ് ചെയ്യാൻ കഴിയുന്ന താരങ്ങളെയാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു രോഹിത്തിന്‍റെ വാക്കുകള്‍.