ലാഹോര്‍: ഏഷ്യ കപ്പിന്‍റെ ഭാഗമായി വീണ്ടും ഒരു ഇന്ത്യ-പാക് പോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ്. കഴിഞ്ഞ ടി20 ലോകകപ്പിലെ തോല്‍വിക്ക് കണക്ക് ചോദിക്കാനാവും ഇന്ത്യ ഇക്കുറി പാക് സംഘത്തെ നേരിടുകയെന്ന് ഉറപ്പാണ്. ലോകകപ്പില്‍ ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്ത പേസര്‍ ഷഹീന്‍ അഫ്രീദിയാണ് പാകിസ്ഥാന്‍റെ വിജയത്തില്‍ നിര്‍ണായകമായത്.
ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരുമ്പോള്‍ പാകിസ്ഥാന്‍റെ വജ്രായുധമായ ഇടങ്കയ്യൻ പേസറെ എങ്ങനെയാവും ഇന്ത്യന്‍ ബാറ്റര്‍മാര്‍ നേരിടുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഷഹീന്‍ അഫ്രീദിയെ ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് പാക് മുന്‍ സ്‌പിന്നര്‍ ഡാനിഷ് കനേരിയ പറയുന്നത്.
ഷഹീന്‍ അഫ്രീദിയെ അതിജീവിക്കാന്‍ ഇന്ത്യയ്‌ക്ക് ചില ഉപദേശവും നല്‍കിയിരിക്കുകയാണ് കനേരിയ. "രോഹിത്തും കോലിയുമെല്ലാം ലോകോത്തര ബാറ്റര്‍മാരാണ്. ഫുള്‍ ലെങ്‌ത്തില്‍ സ്വിങ് കണ്ടെത്താനാവും ഷഹീന്‍റെ ശ്രമം എന്ന കാര്യമാണ് അവര്‍ മനസില്‍ വയ്‌ക്കേണ്ടത്.
സ്വിങ് ഡെലിവറിയെ ഫൂട്ട് മൂവ്‌മെന്‍റ്‌സിലൂടെ നേരിടുന്നതിന് പകരം ശരീരത്തോട് ചേര്‍ത്ത് ബാറ്റ് വീശുകയാണ് വേണ്ടത്" ഡാനിഷ് കനേരിയ പറഞ്ഞു. ഷഹീനിനെതിരെ സൂര്യകുമാര്‍ യാദവിന്‍റെ സ്‌ക്വയര്‍ ലെഗിന് മുകളിലൂടെയുള്ള ഫ്ലിക് ഷോട്ടും നിര്‍ണായകമാവുമെന്നും കനേരിയ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും കെ എല്‍ രാഹുലിനെയും ഷഹീന്‍ വേഗം തിരിച്ചയച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ രോഹിത്തിനെ അക്കൗണ്ട് തുറക്കും മുമ്പ് പുറത്താക്കിയ താരം, മൂന്നാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ രാഹുലിനെയും തിരിച്ചയച്ചതോടെ ഇന്ത്യ 2-6 എന്ന നിലയിലേക്ക് പരുങ്ങി.
മത്സരത്തില്‍ കോലിയും കീഴടങ്ങിയത് ഷഹീനിന്‍റെ പന്തിലാണ്. അതേസമയം ഓഗസ്‌റ്റ് 27 മുതല്‍ സെപ്‌റ്റംബര്‍ 11 വരെ യു.എ.ഇയിലാണ് ഏഷ്യ കപ്പ് ടൂര്‍ണമെന്‍റ് നടക്കുക. 28-ാം തിയതി ദുബായിലാണ് ഇന്ത്യ-പാക് മത്സരം.
also read: പാകിസ്ഥാന്‍ ഇന്ത്യയോട് സ്ഥിരമായി തോറ്റതിന് കാരണമിതാണ്: തുറന്ന് പറഞ്ഞ് മഖ്‌സൂദ്