ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ അഫ്‌ഗാനിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഓപ്പണറായെത്തിയാണ് വിരാട് കോലി ഇന്ത്യയ്‌ക്കായി സെഞ്ചുറി നേടിയത്. രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് കോലി കെഎല്‍ രാഹുലിനൊപ്പം ഓപ്പണറായെത്തിയത്. മത്സരത്തില്‍ 61 പന്തില്‍ 122 റണ്‍സാണ് അടിച്ച് കൂട്ടിയത്.
നേരത്തെ ഐപിഎല്ലില്‍ ഓപ്പണറായെത്തി അഞ്ച് സെഞ്ചുറികള്‍ നേടാന്‍ കോലിക്ക് കഴിഞ്ഞിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടി കോലി ഓപ്പണറായി തുടരുമോയെന്ന് ചോദിച്ച ഒരു മാധ്യമ പ്രവര്‍ത്തകന് കെഎല്‍ രാഹുല്‍ നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്.
ഞാന്‍ പുറത്തിരിക്കം എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് ചിരിച്ചുകൊണ്ട് ചോദിച്ചാണ് രാഹുല്‍ മറുപടി തുടങ്ങിയത്. " തീര്‍ച്ചയായും വിരാട് റണ്‍സസ് നേടുന്നത് ടീമിന് ഗുണകരമാണ്. അഫ്‌ഗാനെതിരായ അദ്ദേഹത്തിന്‍റെ ബാറ്റിങ് രീതി മികച്ചതായിരുന്നു. അദ്ദേഹം നടത്തുന്ന കഠിനമായ തയ്യാറെടുപ്പുകളുടെ വിജയമാണിത്.
നിങ്ങള്‍ക്ക് മികച്ച 2-3 ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസം ഉയരും. കോലിയെ വര്‍ഷങ്ങളായി നമുക്ക് എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന് എന്തുചെയ്യാനാവുമെന്നും അറിയാം. അദ്ദേഹം ഓപ്പണറായാല്‍ മാത്രം സെഞ്ചുറി നേടും എന്നല്ല, അദ്ദേഹം മൂന്നാം നമ്പറില്‍ ഇറങ്ങിയാലും സെഞ്ചുറി നേടാന്‍ കഴിയും.
ഓരോ കളിക്കാരനും ടീമില്‍ വെവ്വേറെ ചുമതലകളുണ്ട്. കോലി അദ്ദേഹത്തിന്‍റെ ചുമതല മികച്ചതാക്കി. ടീം അടുത്ത പരമ്പര കളിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ചുമതല മറ്റൊന്നാകും. ആ സ്ഥാനത്തും ഏറ്റവും മികച്ച പ്രകടനം കോലി തരും. അതിനാല്‍ അദ്ദേഹത്തിന്‍റെ ബാറ്റിങ് പൊസിഷനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തയില്ല' കെഎല്‍ രാഹുല്‍ പറഞ്ഞു.