ദുബായ്: തനിക്കെതിരെ ഉയരുന്ന വിര്‍ശനങ്ങള്‍ക്ക് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലൂടെ മറുപടിയാന്‍ കാത്തിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. മോശം ഫോമിന്‍റെ പിടിയിലായിരുന്ന താരം ചെറിയ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരെ നാളെയാണ് (28.08.22) ഇന്ത്യയുടെ ആദ്യ മത്സരം.
ചിരവൈരികളുടെ പോരാട്ടത്തില്‍ കോലിക്ക് മുന്നില്‍ ഒരു ചരിത്ര നേട്ടവും കാത്തിരിപ്പുണ്ട്. പാകിസ്ഥാനെതിരെ കോലി കളിക്കാനിറങ്ങുന്നത് അന്താരാഷ്‌ട്ര ടി20യില്‍ തന്‍റെ നൂറാം മത്സരത്തിനാണ്. ഇതോടെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും 100 അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാവാന്‍ കോലിക്ക് കഴിയും.
ഇതുവരെ 99 ടി20 മത്സരങ്ങളില്‍ നിന്ന് 50.12 ശരാശരയില്‍ 3,308 റണ്‍സുകള്‍ താരം അടിച്ച് കൂട്ടിയിട്ടുണ്ട്. 30 അര്‍ധ സെഞ്ചുറികളോടെയാണ് കോലിയുടെ പ്രകടനം. 2017-2021 കാലയളവിൽ, 50 ടി20 മത്സരങ്ങളില്‍ കോലി ഇന്ത്യയെ നയിക്കുകയും ചെയ്‌തു. ഇതില്‍ 30 മത്സരങ്ങളും ടീമിനെ വിജയത്തിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞു. നിലവില്‍ ടെസ്‌റ്റില്‍ 102 മത്സങ്ങളിലും ഏകദിനത്തില്‍ 262 മത്സങ്ങളിലുമാണ് കോലി രാജ്യത്തിനായി കളിച്ചിട്ടുള്ളത്.
വിമര്‍ശനങ്ങള്‍ക്ക് മറുപടി വേണം: ഇന്ത്യയുടെ റണ്‍ മെഷീനായിരുന്ന കോലി 14 വര്‍ഷം നീണ്ട തന്‍റെ കരിയറില്‍ ഏറ്റവും മോശം അവസ്ഥയിലാണ്. 2019ലാണ് താരം അവസാനമായി ഒരു അന്താരാഷ്‌ട്ര സെഞ്ചുറി കണ്ടെത്തിയത്. ഇതിന് എല്ലാ ഫോര്‍മാറ്റുകളിലുമായി 82 ഇന്നിങ്‌സുകളില്‍ 34.05 ശരാശരിയില്‍ 24 അര്‍ധ സെഞ്ചുറിയടക്കം 2,554 റണ്‍സാണ് താരം നേടിയത്.
ഈ വര്‍ഷം ഇതേവരെ ഒരു മികച്ച പ്രകടനം നടത്താന്‍ കോലിക്ക് കഴിഞ്ഞിട്ടില്ല. 19 ഇന്നിങ്‌സുകളില്‍ നിന്നും 25.05 ശരാശരിയില്‍ 476 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. വെറും നാല് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. ടി20 ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഫോം തെളിയിക്കുകയെന്ന വെല്ലുവിളി നിലവില്‍ കോലിക്ക് മുന്നിലുണ്ട്.
കാത്തിരിക്കുന്ന മത്സരം: ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഞായറാഴ്ച 7.30നാണ് ഇന്ത്യ-പാക് മത്സരം. കഴിഞ്ഞ ടി20 ലോകകപ്പിലെ 10 വിക്കറ്റ് തോല്‍വിക്ക് ശേഷം ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനെതിരെയെത്തുന്നത്. അന്ന് അര്‍ധ സെഞ്ചുറി നേടി ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു കോലി. ഈ കടം വീട്ടാനാവും ഇന്ത്യയിറങ്ങുകയെന്നുറപ്പ്.
ഗ്രൂപ്പ് ഘട്ടത്തില്‍ യോഗ്യത മത്സരം കളിച്ചെത്തിയ ഹോങ്കോങ്ങാണ് ഇന്ത്യയുടെ മറ്റൊരു എതിരാളി. ഓഗസ്റ്റ് 31നാണ് ഈ മത്സരം നടക്കുക. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടുന്ന തരത്തിലാണ് ഇക്കുറി ടൂര്‍ണമെന്‍റ് നടക്കുക.
എവിടെ കാണാം : ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഏഷ്യ കപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴിയും മത്സരം സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.
also read: Asia Cup: 'കണക്ക് തീര്‍ക്കാനുണ്ട്'; പാകിസ്ഥാനെതിരെ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് കെഎല്‍ രാഹുല്‍