ദുബായ്: ഈ വര്‍ഷത്തെ ഐസിസിയുടെ മികച്ച പുരുഷ ടെസ്റ്റ് താരത്തിനുള്ള നാമനിര്‍ദേശമായി. ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍, ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണ്‍, ശ്രീലങ്കയുടെ ടെസ്റ്റ് നായകന്‍ ദിമുത് കരുണരത്നെ എന്നിവരാണ് മികച്ച ടെസ്റ്റ് താരമാവാനുള്ള അന്തിമ പട്ടികയിലുള്ളത്.
ആര്‍ അശ്വിന്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മാച്ച് വിന്നർമാരിൽ ഒരാളായ ആർ അശ്വിന്‍റെ ബാറ്റു കൊണ്ടും പന്തുകൊണ്ടുമുള്ള പ്രകടനമാണ് താരത്തിന് പട്ടികയില്‍ ഇടം നേടിക്കൊടുത്തത്. ഈ വര്‍ഷം കളിച്ച എട്ടു ടെസ്റ്റുകളില്‍ 16.23 ശരാശരിയില്‍ 52 വിക്കറ്റാണ് അശ്വിന്‍ നേടിയത്. 337 റണ്‍സും താരം അടിച്ച് കൂട്ടിയിട്ടുണ്ട്.
ജോ റൂട്ട്
ടെസ്റ്റില്‍ ഈ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സടിച്ച് കൂട്ടിയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പട്ടികയില്‍ ഇടം പിടിച്ചത്. 15 മത്സരങ്ങളില്‍ ആറ് സെഞ്ചുറിയടക്കം 1,708 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്. ഇതോടെ പാകിസ്ഥാന്‍റെ മുഹമ്മദ് യൂസഫിനും വെസ്റ്റ്‌ഇൻഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനും ശേഷം ടെസ്റ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം 1700 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം ബാറ്ററാവാനും റൂട്ടിന് കഴിഞ്ഞു.
കെയ്ല്‍ ജാമിസണ്‍
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിന്‍റെ കിരീട നേട്ടത്തില്‍ നിര്‍ണായകമായ പ്രകടനമടക്കമാണ് കെയ്ല്‍ ജാമിസണ് തുണയായത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 17.51 ശരാശരിയിൽ 27 വിക്കറ്റുകളാണ് കിവീസ് പേസര്‍ നേടിയത്. ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏഴ് വിക്കറ്റ് നേടിയ ജാമിസണ്‍ 21 റണ്‍സും നേടി മത്സരത്തിന്‍റെ താരമാവുകയും ചെയ്‌തു.
ദിമുത് കരുണരത്നെ
സ്വദേശത്തും വിദേശത്തും റണ്‍സടിച്ച് കൂട്ടിയാണ് ലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെ പട്ടികയില്‍ ഇടം കണ്ടെത്തിയത്. ഈ വര്‍ഷം ഏഴ് മത്സരങ്ങളില്‍ നിന്നും 69.38 ശരാശരിയില്‍ 902 റണ്‍സാണ് കരുണരത്നെ അടിച്ചെടുത്തത്. നാല് സെഞ്ചുറികളുടെ അകമ്പടിയോടെയാണ് താരത്തിന്‍റെ പ്രകടനം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജോഹന്നാസ്ബർഗിലാണ് താരം വിദേശത്ത് സെഞ്ചുറി കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടില്‍ ബംഗ്ലാദേശിനെതിരെ ഒരു ഇരട്ട സെഞ്ചുറി ഉള്‍പ്പെടെ രണ്ട് സെഞ്ചുറികള്‍ നേടിയ താരം വെസ്റ്റ്‌ഇൻഡീസിനെതിരെ ഗാലെയിലും സെഞ്ചുറി നേട്ടം ആവര്‍ത്തിച്ചു.