മെല്‍ബണ്‍: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്‌റ്റിലും ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് മോശം തുടക്കം. മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്‍റെ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ സന്ദര്‍ശകര്‍ നിലവില്‍ 41 ഓവറില്‍ അഞ്ച് വിക്കറ്റിന് 121 റണ്‍സെന്ന നിലയിലാണ്. ജോണി ബെയർസ്റ്റോ (17*), ജോസ് ബട്‌ലർ (0) എന്നിവരാണ് ക്രീസില്‍.
ടീം ടോട്ടല്‍ 61ല്‍ നില്‍ക്കെ 27-ാം ഓവറില്‍ ഡേവിഡ് മലാന്‍ (14) പുറത്തായതോടെയാണ് മത്സരം ലഞ്ചിന് പിരിഞ്ഞത്. ഓപ്പണര്‍മാരായ ഹസീബ് ഹമീദ് (0), സാക് ക്രൗളി (12) എന്നിവര്‍ നേരത്തെ തന്നെ കൂടാരം കയറി. ലഞ്ചിന് ശേഷം 33-ാം ഓവറില്‍ ക്യാപ്റ്റന്‍ ജോ റൂട്ടും (50) പുറത്തായി. പിടിച്ചു നിന്ന ബെന്‍ സ്റ്റോക്‌സ് (25) പുറത്തായതോടെ ഇംഗ്ലണ്ട് കൂടുതല്‍ പരുങ്ങലിലായി. ഓസ്‌ട്രേലിയ്‌ക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ആദ്യ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക്, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓസ്‌ട്രേലിയ രണ്ട് മാറ്റങ്ങളും ഇംഗ്ലണ്ട് മൂന്ന് മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങിയത്. ഓസീസ് നിരയില്‍ നായകന്‍ കമ്മിന്‍സ് തിരിച്ചെത്തിയപ്പോള്‍ മൈക്കല്‍ നെസറിന് സ്ഥാനം നഷ്ടമായി.
പരിക്കേറ്റ ജേ റിച്ചാര്‍ഡ്‌സണ് പകരം സ്‌കോട്ട് ബോലാന്‍ഡ ടീമിലെത്തി. ഇംഗ്ലീഷ് നിരയില്‍ ഓപ്പണര്‍ സാക് ക്രൗളി, ജാക്ക് ലീച്ച്, മാര്‍ക് വുഡ് എന്നിവര്‍ ടീമിലിടം നേടിയപ്പോള്‍ റോറി ബേണ്‍സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്സ് എന്നിവര്‍ ടീമിന് പുറത്തായി.