ലണ്ടന്‍: ആഷസ് (Ashes) പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ ഒന്നാം ദിനത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് (England) മേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ സന്ദര്‍ശകരായ ഓസ്‌ട്രേലിയക്ക് (Australia) സാധിച്ചിരുന്നു. ടോസ് നേടി ആദ്യം ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലീഷ് പടയ്‌ക്ക് ലോര്‍ഡ്‌സില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഒന്നാം ദിനം അഞ്ച് വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നെങ്കിലും 339 റണ്‍സാണ് അവര്‍ക്ക് വഴങ്ങേണ്ടി വന്നത്.
ഇംഗ്ലീഷ് ബൗളര്‍മാരുടെ ഈ പ്രകടനത്തില്‍ പല മുന്‍ താരങ്ങളും അതൃപ്‌തരാണ്. ലോര്‍ഡ്‌സില്‍ മത്സരത്തിന്‍റെ ആദ്യ ദിനം അവസാനിച്ചതിന് പിന്നാലെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കെവിന്‍ പീറ്റേഴ്‌സണ്‍ (Kevin Pietersen). അടുക്കും ചിട്ടയുമില്ലാത്ത പ്രകടനമാണ് മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ നടത്തിയതെന്ന് പീറ്റേഴ്‌സണ്‍ കുറ്റപ്പെടുത്തി.
'ഒട്ടും അടുക്കും ചിട്ടയും ഇല്ലാത്ത ബൗളിങ്. നിങ്ങള്‍ക്ക് ഏറെ അറിയുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. നിങ്ങളുടെ ബൗളര്‍മാര്‍ക്ക് പന്തെറിയാന്‍ അനുയോജ്യമായ വിക്കറ്റ്.
78 മുതല്‍ 80 മൈല്‍ വരെ വേഗതയില്‍ പന്തെറിയാന്‍ കഴിയുന്ന താരങ്ങള്‍. ഏറ്റവും മികച്ച ഒരു ടീം തന്നെ നിങ്ങള്‍ക്കുണ്ട്. ഞാനും മുപ്പതിലേറെ ആഷസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മുന്നില്‍ ഇവിടെ ബാറ്റ് ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു' -പീറ്റേഴ്‌സണ്‍ പറഞ്ഞു.
ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 4 റണ്‍റേറ്റിലായിരുന്നു ഓസ്‌ട്രേലിയ റണ്‍സ് കണ്ടെത്തിയത്. ഡേവിഡ് വാര്‍ണറും ഉസ്‌മാന്‍ ഖവാജയും ചേര്‍ന്ന് നല്‍കിയ പതിഞ്ഞ തുടക്കമായിരുന്നു ഓസീസ് സ്‌കോറിങ്ങിന് അടിത്തറ പാകിയത്. ഒന്നാം വിക്കറ്റില്‍ ഇരു ഇടംകയ്യന്‍ ബാറ്റര്‍മാരും ചേര്‍ന്ന് കങ്കാരുപ്പടയ്‌ക്കായി 73 റണ്‍സ് അടിച്ചെടുത്തു.
വെറ്ററന്‍ താരം ജെയിംസ് ആന്‍ഡേഴ്‌സണെതിരെ ഉള്‍പ്പടെ മത്സരത്തിന്‍റെ തുടക്കത്തില്‍ അനായാസമായി റണ്‍സ് അടിക്കാന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കായി. ഒന്നാം ദിനത്തില്‍ ജോഷ് ടംഗ് ആയിരുന്നു ഇംഗ്ലണ്ടിന്‍റെ ഹീറോ.
ആദ്യ ദിനം 18 ഓവര്‍ പന്തെറിഞ്ഞ താരം 2 വിക്കറ്റ് നേടി. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരായ ഉസ്‌മാന്‍ ഖവാജ, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ വിക്കറ്റുകളാണ് ടംഗ് വീഴ്‌ത്തിയത്. 4.89 എക്കോണമിയില്‍ 88 റണ്‍സും താരം വഴങ്ങിയിരുന്നു.
മറ്റ് പ്രധാന ബോളര്‍മാര്‍ പരാജയപ്പെട്ടിടത്ത് ജോ റൂട്ടും ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് നേടി. എട്ട് ഓവര്‍ ബൗള്‍ ചെയ്‌ത റൂട്ട് 19 റണ്‍സാണ് ഇതുവരെ വഴങ്ങിയത്. ഓസ്‌ട്രേലിയക്കായി തകര്‍ത്തടിച്ച ട്രാവിസ് ഹെഡ്, പിന്നാലെ എത്തിയ കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ വിക്കറ്റുകളാണ് റൂട്ട് സ്വന്തമാക്കിയത്.
ഒലീ റോബിന്‍സണും ഒരു വിക്കറ്റ് നേടിയിട്ടുണ്ട്. വെറ്ററന്‍ താരങ്ങളായ ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും വിക്കറ്റുകളൊന്നും ഇതുവരെ സ്വന്തമാക്കിയിട്ടില്ല. നായകന്‍ ബെന്‍ സ്റ്റോക്‌സിനും മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ പന്ത് കൊണ്ട് തിളങ്ങാനായില്ല. 3 ഓവര്‍ എറിഞ്ഞ താരം 21 റണ്‍സാണ് വഴങ്ങിയത്.
Also Read : Ashes 2023 | ഖവാജയും വാര്‍ണറും 'ക്ലീന്‍ ബൗള്‍ഡ്'; ആഷസ് അരങ്ങേറ്റത്തില്‍ തിളങ്ങി ജോഷ് ടംഗ് -വീഡിയോ