ഓവൽ : ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന് തുടക്കം. മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് മത്സരങ്ങൾ വിജയിച്ച് കിരീടം നിലനിർത്തിയ ഓസ്‌ട്രേലിയ അഞ്ചാം മത്സരത്തിലും വിജയിച്ച് പരമ്പര കൂടി നേടാനാണ് ലക്ഷ്യമിടുന്നത്. മറുവശത്ത് അവസാന ടെസ്റ്റിൽ വിജയിച്ച് പരമ്പര സമനിലയിലാക്കി മടങ്ങാനാകും ഇംഗ്ലണ്ടിന്‍റെ ശ്രമം.
ഇംഗ്ലണ്ടിന്‍റെ അക്രമോത്സുകത ബാറ്റിങ് ശൈലിയായ ബാസ്‌ബോളിനെ പക്വതയോടെ മറികടന്നാണ് ഓസ്‌ട്രേലിയ രണ്ട് ടെസ്റ്റുകളിൽ വിജയം നേടിയത്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ഇംഗ്ലണ്ട് അവസാന മത്സരത്തിനെത്തിയിരിക്കുന്നത്. അതേസമയം ഒരു മാറ്റവുമായാണ് ഓസ്‌ട്രേലിയ അഞ്ചാം ടെസ്റ്റിനിറങ്ങുന്നത്. കാമറൂണ്‍ ഗ്രീനിന് പകരം ടോഡ് മർഫി ടീമിൽ ഇടം നേടി.
അതേസമയം മോശം പ്രകടനം കാഴ്‌ചവയ്‌ക്കുന്ന വെറ്ററൻ പേസർ ജയിംസ് ആൻഡേഴ്‌സനെ ഇംഗ്ലണ്ട് ടീമിൽ നിലനിർത്തിയതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. മൂന്ന് ടെസ്റ്റുകളിൽ നിന്ന് നാല് വിക്കറ്റ് മാത്രമാണ് ആൻഡേഴ്‌സണ് നേടാനായത്. വിക്കറ്റ് നേടാനുള്ള ആവേശം ബാക്കിയുള്ളിടത്തോളം കാലം ക്രിക്കറ്റിൽ തുടരുമെന്നാണ് ആൻഡേഴ്‌സണ്‍ വിമർശനങ്ങളോട് പ്രതികരിച്ചത്.
മഴ തകർത്ത വിജയം : നിർണായകമായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയത്തിലേക്ക് നീങ്ങവെയാണ് വില്ലനായി മഴയെത്തിയത്. മത്സരത്തിന്‍റെ അഞ്ചാം ദിനം ഒറ്റപ്പന്ത് പോലും എറിയാൻ കഴിയാതായതോടെ മത്സരം സമനിലയിലാകുകയായിരുന്നു. നാലാം ടെസ്റ്റിൽ 275 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇംഗ്ലണ്ടിന് മത്സരത്തിൽ വ്യക്‌തമായ മേധാവിത്വമുണ്ടായിരുന്നു.
രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിന് 214 റണ്‍സ് എന്ന നിലയിൽ പരുങ്ങുമ്പോഴാണ് മഴയെത്തിയത്. മഴയെത്തുമ്പോൾ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡിനെക്കാൾ 61 റണ്‍സ് പിന്നിലായിരുന്നു ഓസ്‌ട്രേലിയ. എന്നാൽ ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിക്കാൻ മഴ അനുവദിച്ചില്ല.
ബാസ്‌ബോൾ ഫലിക്കുമോ ? : ആദ്യ രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയയുടെ ചെറുത്ത് നിൽപ്പിന് മുന്നിൽ വിജയിക്കാതെ പോയ ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോള്‍ തന്ത്രം മൂന്നാം ടെസ്റ്റിൽ ട്രാക്കിലേക്കെത്തുകയും, നാലും ടെസ്റ്റിൽ വിജയം കാണുകയും ചെയ്‌തിരുന്നു. അതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് അവസാന മത്സരത്തിനിറങ്ങുന്നത്.
പ്ലേയിങ് ഇലവൻ
ഇംഗ്ലണ്ട് : സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, മോയിൻ അലി, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്‌സ് (ക്യാപ്‌റ്റൻ), ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ), ക്രിസ് വോക്‌സ്, മാർക്ക് വുഡ്, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്‌സൺ
ഓസ്‌ട്രേലിയ : ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലബുഷെയ്‌ൻ, സ്റ്റീവൻ സ്‌മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്(ക്യാപ്‌റ്റൻ), ജോഷ് ഹാസിൽവുഡ്, ടോഡ് മർഫി
ALSO READ : Ashes 2023 | 'ബാര്‍ബി ഗേള്‍...', വാര്‍ത്ത സമ്മേളനത്തിനെത്തിയ ഇംഗ്ലണ്ട് നായകന് സഹതാരം നല്‍കിയ 'രസകരമായ' പണി