കൊല്‍ക്കത്ത : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അരുൺ ലാൽ ബംഗാൾ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിയുന്നു. അടുത്തിടെ സുഹൃത്ത് ബുൾബുൾ സാഹയെ വിവാഹം കഴിച്ച 66 കാരനായ അരുണ്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ ഭാവി പദ്ധതികള്‍ അരുണ്‍ ലാല്‍ വെളിപ്പെടുത്തി.
'ഭാര്യയോടൊപ്പം തുർക്കിയിലേക്ക് പോകണം. കല്യാണം കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ എവിടെയും യാത്ര ചെയ്തിട്ടില്ല. അവള്‍ക്കും കുറച്ച് സമയം നൽകണം. ഞങ്ങള്‍ ഉടൻ തന്നെ ഡാര്‍ജിലിങ്ങിലേക്കും കാലിംപോങ്ങിലേക്കും പോകും. ബുൾബുൾ ഒരു സ്കൂൾ അധ്യാപികയാണ്. അവളുടെ സ്‌കൂളിന്‍റെ അവധി അനുസരിച്ചാവും ബാക്കിയുള്ള യാത്രകള്‍'- അരുണ്‍ ലാല്‍ പറഞ്ഞു.
ക്രിക്കറ്റില്‍ ഇനി പരിശീലകനായില്ലെന്നും ഉപദേശകന്‍റെ ചുമതലയേറ്റെടുക്കാന്‍ തയ്യാറാണെന്നും അരുണ്‍ ലാല്‍ വ്യക്തമാക്കി. കമന്‍ററി ബോക്സിലേക്കുള്ള തിരിച്ചുവരവും ആലോചിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് രണ്ടിനാണ് അരുണ്‍ ലാല്‍ 38 കാരിയായ ബുൾബുളിനെ വിവാഹം കഴിച്ചത്. അദ്ദേഹത്തിന്‍റെ രണ്ടാം വിവാഹമായിരുന്നു.
also read: നീണ്ട ഒമ്പത് വര്‍ഷങ്ങള്‍, ഇപ്പോഴും ദൃഢം; രോഹിത്തുമായുള്ള ബന്ധത്തെക്കുറിച്ച ധവാന്‍
ആദ്യ ഭാര്യ റീനയിൽ നിന്ന് വിവാഹമോചനം നേടിയ താരം, രണ്ടാം വിവാഹത്തിന് അവരുടെ സമ്മതവും വാങ്ങിയിരുന്നു. വിവാഹമോചനത്തിന് ശേഷവും, അസുഖബാധിതയായ റീനയുടെ കാര്യങ്ങൾ നോക്കുന്നത് അരുൺ ലാലാണ്.1981ല്‍ ബംഗാൾ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമായ അരുണ്‍ ലാല്‍ 1982 മുതല്‍ 1989 വരെയാണ് ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങിയത്.
ഇന്ത്യയ്ക്കായി 16 ടെസ്റ്റും 13 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ആഭ്യന്തര, അന്തർദേശീയ മത്സരങ്ങളില്‍ കമന്‍റേറ്ററായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2016ൽ കാൻസർ ബാധിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു.