ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കോലി-രോഹിത് പടലപ്പിണക്കങ്ങൾ രൂക്ഷമാകുന്നതിനിടെ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് രോഹിതും, ഏകദിന പരമ്പരയിൽ നിന്ന് കോലിയും പിൻമാറുന്ന സാഹചര്യത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്കാണ് പ്രതികരണവുമായി കായിക മന്ത്രി രംഗത്തെത്തിയത്.
'കായികമേഖല പരമോന്നതമാണ്. സ്‌പോർട്‌സിനേക്കാൾ വലുതല്ല ആരും. ഏതൊക്കെ കളിക്കാർക്കിടയിൽ എന്താണ് നടക്കുന്നതെന്ന വിവരം നിങ്ങൾക്ക് നൽകാൻ എനിക്ക് കഴിയില്ല. ഇത് ബന്ധപ്പെട്ട ഫെഡറേഷനുകളുടെ ജോലിയാണ്. അവർ അതിന് കൃത്യമായ വിവരം നൽകുന്നതായിരിക്കും'. താക്കൂർ പറഞ്ഞു.
ALSO READ: Ruturaj Gaikwad: സെഞ്ച്വറി കൊയ്‌ത്തുമായ് ഋതുരാജ് ഗെയ്‌ക്‌വാദ്; കോലിയുടെ റെക്കോഡിനോടൊപ്പം
ടി20 നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കോലിയെ ഏകദിന ടീമിന്‍റെ നായകസ്ഥാനത്തുനിന്നും ബിസിസിഐ മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് കോലി-രോഹിത് പോര് വീണ്ടും ശക്തി പ്രാപിച്ചത്. കോലിയുടെ താത്പര്യമില്ലാതെയാണ് താരത്തെ ഏകദിന നായകസ്ഥാനത്തുനിന്ന് നീക്കിയതെന്ന രീതിയിൽ ബിസിസിഐയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണവും വന്നിരുന്നു.