ന്യൂഡൽഹി: ടി20 ലോകകപ്പിൽ ഇന്ത്യൻ നിരയിൽ ഏറ്റവും മോശം പ്രകടനം കാഴ്‌ചവയ്‌ക്കുന്നത് ഓപ്പണർ കെഎൽ രാഹുലാണ്. പാകിസ്ഥാനെതിരായ മത്സരത്തിൽ നാല് റണ്‍സും നെതർലൻഡിനെതിരായ മത്സരത്തിൽ ഒമ്പത് റണ്‍സും മാത്രമാണ് താരത്തിന് നേടാനായത്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യൻ ടീമിൽ ഫ്ലോപ്പാകുന്നതിനെതിരെ താരത്തിന് ധാരാളം വിമർശനങ്ങളും കേൾക്കേണ്ടി വന്നു.
ഇപ്പോൾ രാഹുലിന്‍റെ മോശം ഫോമിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ സ്‌പിൻ ഇതിഹാസം അനിൽ കുംബ്ലെ. ഐപിഎല്ലിൽ സാഹചര്യം വ്യത്യസ്‌തമാണ്. അവിടെ പവർ പ്ലേയിൽ രാഹുലിനെ പിടിച്ചുകെട്ടാൻ ഏതെങ്കിലും ബോളർമാർക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.
ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ലൈനപ്പ് കാരണവും നായകനായത് കാരണവും പരമാവധി സമയം ക്രീസിൽ നിൽക്കണമെന്ന് രാഹുൽ ചിന്തിക്കുന്നു. എന്താണ് വേണ്ടതെന്ന് പുറത്ത് നിന്ന് പറയാൻ കഴിയുമെങ്കിലും മൈതാനത്തുള്ളത് നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ ഐപിഎല്ലിലേത് പോലെയല്ല ഇന്ത്യൻ ടീമിലെ സാഹചര്യം. ക്രീസിലേക്ക് പോകുക ബാറ്റ് ചെയ്യുക എന്നത് മാത്രമാണ് അവിടുത്തെ റോൾ.
രാഹുൽ ആദ്യ പന്ത് മുതൽ ആക്രമിക്കുക എന്നത് തന്നെയായിരുന്നു ഞാൻ പരിശീലകനായിരുന്നപ്പോഴും എനിക്ക് വേണ്ടിയിരുന്നത്. ഐപിഎല്ലിൽ ചെന്നൈക്കെതിരായ മത്സരത്തിൽ നെറ്റ് റണ്‍റേറ്റ് കൂട്ടി എന്താണ് രാഹുലിന് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ കണ്ടതാണ്. ഇപ്പോൾ രാഹുൽ ഒന്ന് ഓണ്‍ ആവേണ്ട കാര്യമേയുള്ളു, കുംബ്ലെ പറഞ്ഞു.