മുംബൈ : സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനൊരുങ്ങുന്ന അജിങ്ക്യ രഹാനെയെ സമ്മർദത്തിലാക്കുന്നത് ശരിയല്ലെന്ന് മുന്‍ ചീഫ് സെലക്‌ടര്‍ എംഎസ്കെ പ്രസാദ്. സ്ഥിരതയുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെങ്കിലും മികച്ച ടീം പ്ലേയറാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെന്നും പ്രസാദ് പറഞ്ഞു.
'തുടക്കത്തിലേ കളിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ താരമാണ് അജിങ്ക്യ രഹാനെയെന്നാണ് ഞാന്‍ കരുതുന്നത്. തീര്‍ച്ചയായും, അവന്‍ ഒട്ടേറെ ഉയര്‍ച്ചതാഴ്‌ച്ചകളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും ടീം പ്രതിരോധത്തിലാകുമ്പോള്‍, സാഹചര്യത്തിന് അനുസരിച്ച് ഉയര്‍ന്നിട്ടുണ്ട്.
അത്തരമൊരു സാമര്‍ഥ്യം രഹാനെയ്‌ക്കുണ്ട്. പ്രകടന സൂചിക മുകളിലും താഴെയുമാണെങ്കിലും രഹാനെയുടെ കാര്യത്തില്‍ മാനേജ്‌മെന്‍റ് കടുത്ത തീരുമാനം കൈക്കൊള്ളാന്‍ ആഗ്രഹിക്കുന്നില്ല'. പ്രസാദ് പറഞ്ഞു.
also read: 'രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകില്ല'; മാപ്പ് പറഞ്ഞ് ഹര്‍ഭജന്‍
'അവന്‍ ശക്തമായി തിരിച്ചെത്തും. അവനൊരു മികച്ച ടീം പ്ലേയറും എല്ലാവരും ഒരുപാട് ഇഷ്‌ടപ്പെടുന്ന താരവുമാണ്. വിരാട് കോലിക്ക് വലിയ ഇന്നിങ്സ് കളിക്കാനാവാത്തപ്പോഴെല്ലാം ഈ മനുഷ്യന് അതിന് കഴിഞ്ഞിട്ടുണ്ട്.
പല മുതിര്‍ന്ന താരങ്ങളുമില്ലാതിരുന്നിട്ടും ഓസ്‌ട്രേലിയയില്‍ നായകനായും കളിക്കാരനായും അവന്‍ ചെയ്ത സംഭാവനകള്‍ മറക്കാന്‍ പാടില്ല. നാട്ടില്‍ കുറച്ച് ബുദ്ധിമുട്ടിയിട്ടുണ്ടെങ്കിലും വിദേശത്ത് പല ഇന്ത്യന്‍ താരങ്ങളേക്കാളും മികച്ച റെക്കോര്‍ഡാണ് രഹാനെയ്ക്കുള്ളത്. അദ്ദേഹത്തെ അനാവശ്യമായി സമ്മര്‍ദത്തിലാക്കരുത്' പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്റ്സ്‌മാനാണ് രഹാനെ. 17 മത്സരങ്ങളില്‍ നിന്നും മൂന്ന് സെഞ്ച്വറികളടക്കം 1095 റണ്‍സാണ് രഹാനെ സ്വന്തമാക്കിയത്.