ഹൈദരാബാദ്: ടി20 ലോകകപ്പിലെ രണ്ട് തുടര്‍വിജയങ്ങള്‍ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് ഇന്ത്യ ആദ്യ തോല്‍വി വഴങ്ങിയത്. ഫീല്‍ഡിങ്ങിലെ ടീമിന്‍റെ ദയനീയ പ്രകടനമാണ് പ്രോട്ടീസിനെതിരായ കളിയിലെ തോല്‍വിക്ക് കാരണമെന്ന് പലരും ഇതിനോടകം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അനായാസ ക്യാച്ചുകളും, റണ്‍ ഔട്ടുകളും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നഷ്‌ടപ്പെടുത്തുന്നതും കളിയില്‍ കണ്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമിന്‍റെ ഫീല്‍ഡിങിനെ വിമര്‍ശിച്ച് മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ രംഗത്തെത്തിയത്. പുതിയ ക്യാപ്‌റ്റന്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ ഇന്ത്യന്‍ ടീം ഫീല്‍ഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുറഞ്ഞു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ക്ബസ് പങ്കുവെച്ച വീഡിയോയിലാണ് അജയ് ജഡേജയുടെ വിമര്‍ശനം.
ഏഷ്യന്‍ ടീമുകള്‍ ഫീല്‍ഡിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യൻ ടീം ഫീല്‍ഡിങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു എന്ന് ഞാന്‍ കേട്ടിരുന്നത് വിരാട് കോലി ക്യാപ്‌റ്റനായിരുന്നപ്പോഴാണ്. മികച്ച ഫീല്‍ഡര്‍മാരെ കളിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു.
പക്ഷേ ക്യാപ്‌റ്റനും കോച്ചും മാറിയതിന് പിന്നാലെ അക്കാര്യത്തിലും മാറ്റം വന്നു. പുതിയ ക്യാപ്‌റ്റന്‍ ബോളിങ്ങിനും, ബാറ്റിങ്ങിനും കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. എന്നാല്‍ ഫീല്‍ഡിങ്ങിന്‍റെ കാര്യത്തില്‍ അതില്ല എന്നും ജഡേജ പറഞ്ഞു.
രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവരുടെ ഫീല്‍ഡിങ് പ്രകടനത്തേയും അജയ് ജഡേജ വിമര്‍ശിച്ചു. ബൗളിങ്ങിന്‍റെ കാര്യത്തില്‍ രണ്ടാളും മികച്ചവരാണ്. എന്നാല്‍ ഫീല്‍ഡിങ്ങില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.