കൊളംബോ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എമേര്‍ജിങ് ടീംസ് ഏഷ്യ കപ്പില്‍ വിജയത്തുടക്കം കുറിച്ച് ഇന്ത്യ എ. യുഎഇ എയ്‌ക്ക് എതിരെ എട്ട് വിക്കറ്റിന്‍റെ മിന്നും വിജയമാണ് ഇന്ത്യ പിടിച്ചത്. എസ്എസ്‌സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ യുഎഇ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 175 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ ഇന്ത്യ 26.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 179 റണ്‍സ് എടുത്താണ് വിജയം ഉറപ്പിച്ചത്. വെടിക്കെട്ട് സെഞ്ചുറിയുമായി കളം നിറഞ്ഞ ക്യാപ്റ്റന്‍ യാഷ് ധുളിന്‍റെ പ്രകടനമാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. പുറത്താവാതെ 84 പന്തില്‍ 108 റണ്‍സാണ് നേടിയത്.
20 ബൗണ്ടറികളും ഒരു സിക്‌സും സഹിതമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍റെ പ്രകടനം. 53 പന്തില്‍ 41 റണ്‍സെടുത്ത് പുറത്താവാതെ നിന്ന നികിന്‍ ജോസ് പിന്തുണ നല്‍കി. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍ (8), അഭിഷേക് ശര്‍മ (19) എന്നിവര്‍ വേഗം മടങ്ങിയതോടെ 5.1 ഓവറില്‍ വെറും 41/2 എന്ന നിലയിലായിരുന്നു ഇന്ത്യ. തുടര്‍ന്ന് ഒന്നിച്ച യാഷ് ധുള്‍ - നികിന്‍ ജോസ് സഖ്യം ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ പിരിയാതെ 138 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.
നേരത്തെ, നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ ഹര്‍ഷിത് റാണയുടെ പ്രകടനമാണ് ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ യുഎഇയെ പിടിച്ച് കെട്ടിയത്. നിതീഷ് റെഡ്ഡി, മാനവ് സുതര്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്‌ത്തി. അഭിഷേക് ശര്‍മയ്‌ക്ക് ഒരു വിക്കറ്റുണ്ട്. 107 പന്തില്‍ 46 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അശ്വന്ത് വാല്‍താപയാണ് യുഎഇയുടെ ടോപ് സ്‌കോറര്‍.
അര്യന്‍ഷ് ശര്‍മ (42 പന്തുകളില്‍ 38), മുഹമ്മദ് ഫറാസുദ്ദീന്‍ (88 പന്തുകളില്‍ 35) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ അലി നസീര്‍ ( 11 പന്തുകളില്‍ 10), ജഷ് ജിയാനനി (10 പന്തുകളില്‍ 13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഇന്ത്യ എ ഒന്നാമതെത്തി. നേപ്പാളിനെതിരെ നാല് വിക്കറ്റിന്‍റെ വിജയം നേടിയ പാകിസ്ഥാനാണ് പിന്നിലുള്ളത്. ജൂലൈ 17 തിങ്കളാഴ്‌ച നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. തുടര്‍ന്ന് 19-ന് പാകിസ്ഥാനെയും ഇന്ത്യ എ നേരിടും.
ഗ്രൂപ്പ് എയില്‍ ശ്രീലങ്ക എ, ബംഗ്ലാദേശ് എ, അഫ്‌ഗാനിസ്ഥാന്‍ എ, ഒമാന്‍ എ എന്നിവരാണ് മത്സരിക്കുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക എ ബംഗ്ലാദേശിനെ 48 റണ്‍സ് തോല്‍പ്പിച്ചപ്പോള്‍ അഫ്‌ഗാനിസ്ഥാന്‍ എ 72 റണ്‍സിന് ഒമാന്‍ എയെ കീഴടക്കിയിരുന്നു. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് സെമി ഫൈനലിന് യോഗ്യത ലഭിക്കും.