കൊളംബോ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) എമേര്‍ജിങ് ടീംസ് ഏഷ്യ കപ്പില്‍ പാകിസ്ഥാന്‍ എ ടീമിന് എതിരെ വിക്കറ്റിന് പിന്നില്‍ മിന്നും പ്രകടനമായിരുന്നു ഇന്ത്യന്‍ വിക്കറ്റര്‍ കീപ്പര്‍ ധ്രുവ് ജുറെലിന്‍റേത്. മത്സരത്തില്‍ മൂന്ന് ക്യാച്ചുകളും ഒരു സ്റ്റംപിങ്ങുമാണ് ധ്രുവ് ജുറെല്‍ നടത്തിയത്. വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ധ്രുവ് ജുറെല്‍ (Dhruv Jurel ) ധരിച്ചിരുന്ന ഗ്ലൗസാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ ചർച്ച വിഷയം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടീം രാജസ്ഥാന്‍ റോയല്‍സിന്‍റെ (Rajasthan royals ) ട്വീറ്റാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (Jos Buttler) സമ്മാനിച്ച ഗ്ലൗസാണ് ധ്രുവ് ധരിച്ചതെന്നാണ് രാജസ്ഥാൻ റോയല്‍സിന്‍റെ ട്വീറ്റ്. റോയല്‍സ് ഫാമിലി എന്ന ഹാഷ് ടാഗിനൊപ്പമാണ് രാജസ്ഥാന്‍ ഇക്കാര്യം ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായാണ് ജോസ് ബട്‌ലറും ധ്രുവ് ജുറെലും കളിക്കുന്നത്.
കഴിഞ്ഞ സീസണിലൂടെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ജുറെലിന്‍റെ പ്രകടനം ശ്രദ്ധേയമായിരുന്നു. സ്ലോഗ് ഓവറുകളിൽ തന്‍റെ പവർ ഹിറ്റിങ് കഴിവ് ഉപയോഗിച്ചാണ് ജുറെൽ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയത്. അതേസമയം ഇന്ത്യ എയ്‌ക്ക് എതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ എ 48 ഓവറില്‍ 205 റണ്‍സിന് ഓള്‍ ഓട്ട് ആയിരുന്നു. മുന്‍ നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ വാലറ്റക്കാര്‍ നേടത്തിയ പോരാട്ടമാണ് പാകിസ്ഥാനെ ഇരുന്നൂറ് കടത്തിയത്.
ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എത്തി 36 പന്തുകളില്‍ 48 റണ്‍സ് കണ്ടെത്തിയ ഖാസിം അക്രമാണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്‌ക്കായി രാജ്‌വര്‍ധന്‍ ഹംഗർഗേക്കര്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി. എട്ട് ഓവറില്‍ 42 റണ്‍സിനാണ് രാജ്‌വര്‍ധന്‍ ഹംഗർഗേക്കര്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. മാനവ് സുതര്‍ മൂന്നും റിയാന്‍ പരാഗ്, നിശാന്ത് സിന്ദു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തിയിട്ടുണ്ട്.
എമേര്‍ജിങ് ടീംസ് ഏഷ്യ കപ്പില്‍ ഗ്രൂപ്പ് ബിയുടെ ഭാഗമായ മത്സരമാണ്. ഗ്രൂപ്പില്‍ നിന്നും യഥാക്രമം നിലവില്‍ ആദ്യ രണ്ട് സ്ഥാനക്കാരായ ഇന്ത്യ എയും പാകിസ്ഥാന്‍ എയും നേരത്തെ തന്നെ ടൂര്‍മെന്‍റിന്‍റെ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇന്ന് വിജയിക്കുന്നവര്‍ക്ക് ഗ്രൂപ്പ് ചാമ്പ്യന്മരായി മുന്നേറാം.
ALSO READ: Virat Kohli | കേക്ക് കാണുമ്പോൾ ഓടുന്ന വിരാട് കോലി, പ്രശ്‌നം ജങ്ക് ഫുഡാണെന്ന് ആരാധകർ...
ഇന്ത്യ എ (പ്ലേയിങ് ഇലവന്‍): സായ് സുദർശന്‍, അഭിഷേക് ശർമ, നിഖിന്‍ ജോസ്, യാഷ് ദുള്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, നിഷാന്ത് സിന്ദു, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പർ), മാനവ് സുതര്‍, ഹർഷിത് റാണ, നിതീഷ് റെഡ്ഡി, രാജ്‍വർധന്‍ ഹംഗർഗേക്കർ.
പാകിസ്ഥാന്‍ എ (പ്ലേയിങ് ഇലവന്‍): സയീം അയൂബ്, ഹസീബുള്ള ഖാന്‍, മുഹമ്മദ് ഹാരിസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), കമ്രാന്‍ ഗുലാം, സഹീബ്‍സാദാ ഫർഹാന്‍, ഒമെർ യൂസഫ്, ഖാസിം അക്രം, മുബഷിർ ഖാന്‍, മെഹ്‍റാന്‍ മുംതാസ്, മുഹമ്മദ് വസീം ജൂനിയർ, ഷാനവാസ് ദഹാനി.