ഡബ്ലിന്‍: നീണ്ട ഇടവേളയ്‌ക്ക് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah). അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ (Ireland vs India) ആദ്യ മത്സരത്തില്‍ പന്തുകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബുംറയ്‌ക്ക് സാധിച്ചിരുന്നു. രണ്ട് വിക്കറ്റുകളായിരുന്നു ആ മത്സരത്തില്‍ ബുംറ എറിഞ്ഞിട്ടത്.
11 മാസക്കാലം മൈതാനത്തിന് പുറത്തായിരുന്ന താരം തിരിച്ചുവരവിലെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ പിഴുതിരുന്നു. ആദ്യ മത്സരത്തിലെ പ്രകടനം ഒരുപടി കൂടാന്‍ മെച്ചപ്പെടുത്താന്‍ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബുംറയ്‌ക്ക് സാധിച്ചു. ഇന്നലെ, ഡബ്ലിനിലെ വില്ലേജ് സ്റ്റേഡിയത്തില്‍ നടന്ന അയര്‍ലന്‍ഡ് -ഇന്ത്യ പോരാട്ടത്തിലും രണ്ട് വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്.
നാലോവറും പന്തെറിഞ്ഞ ഇന്ത്യന്‍ നായകൻ ഒരു മെയ്‌ഡന്‍ ഓവര്‍ ഉള്‍പ്പടെ ആകെ 15 റണ്‍സ് മാത്രമായിരുന്നു വിട്ടുകൊടുത്തത്. ഇന്നലെ (ഓഗസ്റ്റ് 20) രണ്ട് വിക്കറ്റ് നേടിയതോടെ രാജ്യാന്തര ടി20യില്‍ ഇന്ത്യയ്‌ക്കായി കൂടുതല്‍ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തിലേക്കും (Most T20I Wickets for India) ബുംറയ്‌ക്കെത്താനായിരുന്നു. 62 മത്സരങ്ങള്‍ കളിച്ച ബുംറ 74 വിക്കറ്റുകളാണ് ഇതുവരെ നേടിയിട്ടുള്ളത്.
ലോകകപ്പ് പ്രതീക്ഷകള്‍ വാനോളം : അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യ ഉറപ്പിച്ച മത്സരത്തില്‍ നായകന്‍ ബുംറയുടെ പ്രകടനത്തിന് പത്തില്‍ പത്ത് മാര്‍ക്കും അര്‍ഹിക്കുന്നുണ്ടെന്ന് മുന്‍ താരം അഭിഷേക് നായര്‍ പറഞ്ഞു (Abhishek Nayar Praisd Jasprit Bumrah). രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ 33 റണ്‍സിന്‍റെ ജയമാണ് ഐറിഷ് പടയ്‌ക്കെതിരെ നേടിയത്. ഇതിന് പിന്നാലെ ആയിരുന്നു അഭിഷേക് നായര്‍ ജസ്‌പ്രീത് ബുംറയെ പ്രശംസിച്ചത്.
'ജസ്‌പ്രീത് ബുംറ ഇങ്ങനെ പന്തെറിയുന്നതില്‍ ഇപ്പോള്‍ ടീം മാനേജ്‌മെന്‍റും ആരാധകരും എല്ലാം സന്തുഷ്‌ടരാണെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍, ഏകദിന ലോകകപ്പ് (ODI World Cup) ഇന്ത്യ സ്വന്തമാക്കുമെന്ന പ്രതീക്ഷ 100ല്‍ നിന്നും 110ലേക്ക് ഉയര്‍ന്നിട്ടുണ്ട്' അഭിഷേക് നായര്‍ പറഞ്ഞു.
'140 കിലോമീറ്റര്‍ വേഗതയിലാണ് ബുംറ പന്തെറിഞ്ഞുതുടങ്ങിയത്. എത്രത്തോളം വ്യഗ്രതയോടെയാണ് അവന്‍ പന്തെറിയാന്‍ വരുന്നത് എന്നതിന്‍റെ തെളിവാണിത്. പവര്‍പ്ലേയില്‍ ഇന്ന് അവന്‍ ഒരു ഓവര്‍ മാത്രമാണ് എറിഞ്ഞത്.
പിന്നീട് വ്യത്യസ്‌തമായ രീതിയിലാണ് തന്നെ ഉപയോഗിക്കാന്‍ ബുംറ ശ്രമിച്ചത്. ഈ പ്രകടനത്തിന് അയാള്‍ പത്തില്‍ പത്ത് മാര്‍ക്കും അര്‍ഹിക്കുന്നുണ്ട്'- അഭിഷേക് നായര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബുംറയ്‌ക്കൊപ്പം തന്നെ പ്രസിദ്ധ് കൃഷ്‌ണ, രവി ബിഷ്‌ണോയ് എന്നിവരും അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ രണ്ട് വിക്കറ്റ് എറിഞ്ഞിട്ടിരുന്നു. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ അര്‍ധസെഞ്ച്വറിയുടെയും സഞ്ജു സാംസണിന്‍റെ 40 റണ്‍സ് പ്രകടനത്തിന്‍റെയും കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 185 റണ്‍സ് നേടിയത് (India vs Ireland 2nd T20 Match Result).