ജോഹന്നാസ്ബർഗ്: ടി20 ലോകകപ്പില്‍ മുന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്സ് കളിക്കില്ലെന്ന് വ്യക്തമാക്കി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്‌എ). വിരമിക്കാനുള്ള തീരുമാനം എന്നന്നേക്കുമായിരുന്നുവെന്ന് താരം വ്യക്തമാക്കിയതായും, ഇതുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള ചര്‍ച്ചകളും അവസാനിപ്പിച്ചതായുമാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രസ്തവനയില്‍ വ്യക്തമാക്കിയത്.
2018ലാണ് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. എന്നാല്‍ ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കാൻ താൻ ഒരുക്കമാണെന്ന് ഐപിഎല്ലിനിടെ താരം തുറന്നു പറഞ്ഞിരുന്നു. ടീമിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ പരിശീലകനായ മാര്‍ക്ക് ബൗച്ചറുമായി ചര്‍ച്ചകള്‍ നടത്തിയതായും താരം പറഞ്ഞിരുന്നു.
also read: വനിത ക്രിക്കറ്റ് താരം പ്രിയ പുനിയയുടെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചു
നിലവില്‍ താരത്തെ ഓഴിവാക്കി വെസ്റ്റിൻഡീസ്, അയര്‍ലന്‍റ് എന്നീ ടീമുകള്‍ക്ക് എതിരായ മത്സരങ്ങൾക്കുള്ള ടീമിനെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. വിന്‍റീസിനെതിരെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ഡീൻ എൽഗറുടെ നേതൃത്വത്തിൽ 19 അംഗ ടീമിനെയാണ് സിഎസ്‌എ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 10 മുതൽ 22 വരെയാണ് മത്സരങ്ങള്‍ നടക്കുക. തുടര്‍ന്ന് നടക്കുന്ന ടി20 പരമ്പയ്ക്കായി ടെംബ ബാവുമയുടെ നേതൃത്വത്തില്‍ 20 അംഗ ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്.