കേപ് ടൗണ്‍: വയസ് 36 ആകാനായെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഫിറ്റ്‌നസ് ഫ്രീക്കാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി(Virat Kohli). എതൊരു യുവതാരത്തേയും വെല്ലുവിളിക്കുന്ന തരത്തിലാണ് വിരാട് കോലി തന്‍റെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത്. നിലവില്‍ ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) തയ്യാറെടുപ്പിലാണ് താരം.
കഴിഞ്ഞ ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരായ മിന്നും സെഞ്ചുറി നേടി തന്‍റെ ഫോം ഒരിക്കല്‍ കൂടി തെളിയിച്ച താരത്തിന്‍റെ പ്രകടനത്തില്‍ ലോകകപ്പിലും വമ്പന്‍ പ്രതീക്ഷയാണ് ഇന്ത്യന്‍ ടീമും ആരാധകരും വച്ച് പുലര്‍ത്തുന്നത്. ലോകകപ്പോടുകൂടി ചില വെറ്ററന്‍ താരങ്ങള്‍ ഇന്ത്യയുടെ ഏകദിന ടീം വിടുമെന്ന ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കൂട്ടത്തില്‍ കോലിയുണ്ടാവുമോയെന്ന് ചിന്തിച്ചവരും ഏറെയാണ്.
ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡിവില്ലിയേഴ്‌സ്. ഇന്ത്യ ലോകകപ്പ് നേടിയാല്‍ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ കോലിയ്‌ക്ക് മുന്നിലുള്ള മികച്ച സമയമാണെന്നാണ് ഐപിഎല്ലില്‍ കോലിയുടെ സഹതാരം കൂടിയായിരുന്നു എബി ഡിവില്ലിയേഴ്‌സ് പറയുന്നത് (AB de villiers on Virat Kohli retirement).
"2027-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പിനെത്താന്‍ അവന്‍ ഇഷ്‌ടപ്പെടുന്നുവെന്ന് എനിക്കറിയാം. പക്ഷെ ഇതു പറയുന്നതില്‍ ഏറെ പ്രയാസമുണ്ട്. അടുത്ത ലോകകപ്പിനായി വളരെ ഏറെ സമയം ഇനിയും ബാക്കിയുണ്ട്. ഇക്കാര്യത്തില്‍, നമുക്ക് ഇപ്പോള്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നായിരിക്കും വിരാട് കോലി പ്രതികരണം എന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ, ഇന്ത്യ ലോകകപ്പ് വിജയിക്കുകയാണെങ്കില്‍, 'വളരെ നന്ദി, അടുത്ത കുറച്ച് വർഷത്തേക്ക് ഞാൻ ടെസ്റ്റ് ക്രിക്കറ്റും കുറച്ച് ഐപിഎല്ലും കളിക്കാൻ പോകുകയാണ്. എന്‍റെ കരിയറിന്‍റെ അവസാനഭാഗം ആസ്വദിക്കുക' എന്നു പറയുന്നതിന് അത്ര മോശം സമയമായിരിക്കില്ല.
എന്നാൽ അവൻ ഇപ്പോഴും മാനസികമായും ശാരീരികമായും ശക്തനാണ്. ചില മത്സരങ്ങളില്‍ അവന് വിശ്രമം അനുവദിക്കുന്നത് വളരെ മികച്ച തീരുമാനമാണെന്നാണ് എനിക്ക് തോന്നുന്നത്. പോരാടാനുള്ള തീ അവന്‍റെ ഉള്ളില്‍ എപ്പോഴുമുണ്ടാവും" എബി ഡിവില്ലിയേഴ്‌സ് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
വ്യക്തിഗത റെക്കോഡുകളാൽ നയിക്കപ്പെടാത്ത ഒരാളാണ് കോലിയെന്നും തന്‍റെ ടീമിനായി കിരീടങ്ങള്‍ നേടാനാണ് താരം എപ്പോഴും ആഗ്രഹിക്കുന്നതെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു. "വ്യക്തിഗത നേട്ടങ്ങളില്‍ ശ്രദ്ധിക്കുന്ന ഒരാളാണ് കോലിയെന്ന് ഞാൻ കരുതുന്നില്ല. തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു വ്യക്തിയല്ല.
തന്‍റെ ടീമിനായി ലോകകപ്പുകൾ നേടാനും ഗെയിമിന്‍റെ എല്ലാ ഫോർമാറ്റുകളിലും വിജയകരമായ യൂണിറ്റിന്‍റെ ഭാഗമാകാനും ആഗ്രഹിക്കുന്ന കളിക്കാരനാണവന്‍. അവൻ ഒരു ടീം പ്ലെയറാണ്. കളിക്കളത്തില്‍ പ്രകടിപ്പിക്കുന്ന വികാരങ്ങളിലൂടെ അതാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
പ്രത്യേകിച്ച്, ഫീല്‍ഡിങ്ങിനിടെയുണ്ടാവുന്ന വികാര പ്രകടനത്തിലൂടെ അവന് ഒന്നും നേടാനില്ല. പക്ഷെ, ടീമിനൊപ്പമുള്ള വിജയം അവന്‍ എത്രത്തോളം ആഗ്രഹിക്കുന്നുവെന്നതാണ് അതു നിങ്ങളോട് പറയുക"- എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.