ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റിന്‍റെ മുഖ്യധാരയിൽ ആറ് മുൻനിര ടീമുകൾ മാത്രം മതിയെന്ന മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്‌ത്രിയുടെ നിര്‍ദേശത്തിനെതിരെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ശാസ്‌ത്രിയുടെ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്നും, അത് ക്രിക്കറ്റിനെ ത്തന്നെ നശിപ്പിക്കുന്നതാണെന്നും ചോപ്ര പറഞ്ഞു.
എല്ലാ ടീമുകൾക്കും കളിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ക്രമീകരണമാണ് ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ''രണ്ട് തലങ്ങളിലായി ടെസ്റ്റ് ക്രിക്കറ്റ് നടത്തുന്നത് പ്രായോഗികമാവാം. എന്നാല്‍ മുന്‍നിരയില്‍ ആദ്യ ആറ് ടീമുകള്‍ മാത്രം മതിയെന്ന തീരുമാനം ക്രിക്കറ്റിന് തന്നെ അപകടമാണ്.
ടെസ്റ്റില്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിക്കേണ്ട ആറ് ടീമുകളെ ആരാണ് തിരഞ്ഞെടുക്കുക?. റാങ്കിങ്ങില്‍ മുന്നിലുള്ള ആറ് ടീമുകളാണോ കളിക്കേണ്ടത്?. അത്തരത്തിലാണെങ്കില്‍ മറ്റുള്ളവര്‍ എന്ത് ചെയ്യും. ശാസ്‌ത്രി പറഞ്ഞത് പോലെ ആദ്യത്തെ ആറ് ടീമുകൾ മാത്രം ടെസ്റ്റ് കളിക്കുകയാണെങ്കില്‍, മറ്റ് ടീമുകള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.
അവര്‍ പിന്നീട് ഉയര്‍ന്നുവരുമെന്നാണ് അദ്ദേഹം പറയുന്നത്. ആദ്യത്തെ ആറ് ടീമുകൾ മാത്രമാണ് ടെസ്‌റ്റ് കളിക്കുന്നതെങ്കില്‍ ബാക്കിയുള്ളവർ എങ്ങനെയാണ് ഉയരുക'', ആകാശ് ചോപ്ര ചോദിച്ചു.
ടെസ്റ്റ് ക്രിക്കറ്റ് രണ്ട് തലങ്ങളിലായി ക്രമീകരിക്കണമെന്നായിരുന്നു ശാസ്‌ത്രി നേരത്തെ പറഞ്ഞിരുന്നത്. റാങ്കിങ്ങിൽ മുന്നിലുള്ള ആറ് ടീമുകൾ ഫോര്‍മാറ്റിന്‍റെ മുന്നില്‍ മതിയെന്നും അല്ലെങ്കില്‍ ഫോര്‍മാറ്റിന് വലിയ ആയുസുണ്ടാവില്ലെന്നുമായിരുന്നു ശാസ്‌ത്രിയുടെ മുന്നറിയിപ്പ്. റാങ്കിങ്ങില്‍ ഉയര്‍ന്ന ടീമുകള്‍ തുടർച്ചയായി ടെസ്റ്റ് മത്സരങ്ങൾ കളിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.