മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വമ്പന്‍ പരീക്ഷണങ്ങളാണ് ഇന്ത്യ നടത്തിയത്. ആദ്യ മത്സരത്തില്‍ ബാറ്റിങ് ഓര്‍ഡര്‍ പൊളിച്ചടുക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏഴാം നമ്പറിലെത്തിയപ്പോള്‍ വിരാട് കോലി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. വിന്‍ഡീസ് നേടിയ 114 എന്ന കുഞ്ഞന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തിക്കൊണ്ടായിരുന്നു വിജയത്തിലെത്തിയത്.
രണ്ടാം ഏകദിനത്തില്‍ രോഹിത്തും കോലിയും പുറത്തിരുന്ന് മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കി. മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ തോല്‍വിയായിരുന്നു ഇന്ത്യയെ കാത്തിരുന്നത്. ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ലോകകപ്പിന് യോഗ്യത പോലും നേടാനാവാത്ത വെസ്റ്റ് ഇന്‍ഡീസിനെതിരായ തോല്‍വി ടീമിനേയും ആരാധകരേയും ഞെട്ടിക്കുന്നതായിരുന്നു.
ഇതിന് പിന്നാലെ ടീമില്‍ മാനേജ്‌മെന്‍റ് നടത്തുന്ന പരീക്ഷണങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്നും കനത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ നിരയിലേക്ക് ചേര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
തയ്യാറെടുപ്പുകള്‍ ഈ വിധത്തിലാണെങ്കില്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പ് സാധ്യതകളില്‍ കനത്ത ആശങ്കയുണ്ടെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് 2022-ലെ ടി20 ലോകകപ്പിലേതിന് സമാനമായ പരാജയമാവാമെന്നാണ് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്.
"ഏകദിന ലോകകപ്പില്‍ ഇഷാൻ കിഷൻ ഓപ്പണറായെത്താന്‍ സാധ്യതയില്ല. ഇഷാൻ കിഷനും ശുഭ്‌മാൻ ഗില്ലും ഓപ്പണിങ്ങിന് എത്തുകയും രോഹിത് മധ്യനിരയിലേക്ക് ഇറങ്ങുകയും ചെയ്താൽ ഞാൻ ശരിക്കും അത്ഭുതപ്പെടും. എന്നാല്‍ അക്കാര്യത്തോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ല. വിരാട് കോലി മൂന്നാം നമ്പറില്‍ നിന്നും താഴേക്ക് ഇറങ്ങുമോ?,
തീര്‍ച്ചയായും ഇല്ല എന്ന് തന്നെയാണ് ഞാന്‍ പറയുക. ഇടത്-വലത് കോമ്പിനേഷൻ ലഭിക്കുന്നതില്‍ ശുഭ്‌മാന്‍ ഗിൽ-ഇഷാന്‍ സഖ്യത്തില്‍ ഒരു പ്രലോഭനമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ബാറ്റിങ് ഓർഡറിൽ അതിന് ഒരിടത്തും സ്ഥാനമില്ല. ഇഷാന്‍ കിഷനോട് എനിക്ക് സ്‌നേഹമുണ്ട്.
മിടുക്കനായ ഓപ്പണറാണവന്‍. എന്നാല്‍ അവന്‍റെ നാലാം നമ്പര്‍ ആശങ്കാജനകമാണ്. അവനെ നാലോ അതില്‍ കൂടുതലോ നമ്പറുകളില്‍ കളിപ്പിച്ചില്ലെങ്കില്‍, ലോകകപ്പില്‍ നാലാം നമ്പറില്‍ കളിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ അതില്‍ ഒരു കാര്യവുമില്ല"- ആകാശ് ചോപ്ര പറഞ്ഞു.
രോഹിത്തിനും കോലിക്കും വിശ്രമം നല്‍കേണ്ട ആവശ്യമില്ലെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു."രോഹിതിനും വിരാടിനും വിശ്രമം നൽകിയത് എന്തിനാണെന്ന് എനിക്കറിയില്ല. കാരണം അവർ അധികം ക്രിക്കറ്റ് കളിച്ചിട്ടില്ല. നോക്കൂ.. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം മൂന്നാഴ്ചത്തെ ഇടവേളയുണ്ടായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളിലായി ഏഴ് ദിവസത്ത കളിമാത്രമാണ് നടന്നത്.
അതിനുശേഷം ഒരു ഏകദിനം കളിച്ചാണ്, അവര്‍ വിശ്രമിച്ചത്. ടി20 ഉപേക്ഷിക്കണമെങ്കിൽ അത് ഉപേക്ഷിക്കുക. ഈ വര്‍ഷം ടി20 ലോകകപ്പ് ഇല്ലാത്തതിനാല്‍, ടി20 മത്സരങ്ങള്‍ കളിച്ചില്ലെങ്കില്‍ അതാരെയും ബാധിക്കില്ല. എന്തായാലും രോഹിതും കോലിയും ഇനി ടി20യിൽ കളിക്കില്ല. അതിനാൽ, വിശ്രമിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് വിശ്രമിക്കുന്നത്", ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.