മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ പ്ലേയിങ് ഇലവന്‍ തെരഞ്ഞെടുപ്പുള്‍പ്പെടെയുള്ള കാര്യത്തില്‍ രോഹിത്തിന് വീഴ്‌ചയുണ്ടായെന്ന് സംസാരമുണ്ട്. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമിന്‍റെ നായക സ്ഥാനത്ത് രോഹിത് ശര്‍മ എത്രനാള്‍ തുടരുമെന്നാണ് പ്രധാന ചര്‍ച്ച.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. 2023-ന് ശേഷം രോഹിത് ക്യാപ്റ്റനായി തുടരുമോ എന്ന് തനിക്ക് ഉറപ്പില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്. രോഹിത് ഒരു നല്ല ക്യാപ്റ്റനാണെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ഇന്ത്യന്‍ ടെസ്‌റ്റ് ടീമിനെ നയിക്കാൻ താരത്തെ കൂടാതെ മറ്റൊരു ഓപ്ഷൻ നോക്കണമെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
"രോഹിത് ഒരു നല്ല ക്യാപ്റ്റനാണ്, അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. രോഹിത് ഒരു മികച്ച ടെസ്റ്റ് ബാറ്ററാണ്, അതിനെക്കുറിച്ചും ഒരു സംശയവുമില്ല, പക്ഷേ ഭാവി ഇങ്ങനെ തന്നെയാവുമോയെന്ന കാര്യത്തില്‍ എനിക്ക് നൂറ് ശതമാനം ഉറപ്പില്ല. കാരണം, നിങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ കഴിഞ്ഞ രണ്ട് സൈക്കിളുകളിലും ഫൈനലില്‍ എത്തിയിരുന്നു.
എന്നാല്‍ ഒരിക്കല്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. കൂടാതെ പ്രായം അവന്‍റെ പക്ഷത്തല്ലെന്നതും യാഥാർഥ്യമാണ്. അടുത്ത രണ്ട് വര്‍ഷവും 2025-ലെ മറ്റൊരു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളും നിങ്ങള്‍ കാണുമ്പോള്‍, രോഹിത് ശർമയ്ക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ശരിക്കും താത്‌പര്യമുണ്ടെങ്കിൽ അപ്പോഴും കളിക്കാം.
എന്നാല്‍ 2023 അവസാനത്തോടെ, ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തുമ്പോൾ, സെലക്‌ടർമാർക്ക് അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം.
അതിനായി ഒരു വർഷം ബാക്കിയുണ്ട്. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുണ്ട്. അതിനുശേഷം ഇന്ത്യന്‍ ടീമിന് ഓസ്‌ട്രേലിയയിലേക്കും പോകണം, അതിനാല്‍ അവര്‍ ഒരു മാറ്റത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ രസകരമായിരിക്കും", ആകാശ് ചോപ്ര പറഞ്ഞു.
അതേസമയം കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 209 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതിന് പിന്നാലെ രോഹിത്തിന് ക്യാപ്റ്റന്‍സിയില്‍ വീഴ്‌ചയുണ്ടായതായി ചൂണ്ടിക്കാടി മുന്‍ സെലക്‌ടർ സരൺദീപ് സിങ്ങും രംഗത്ത് എത്തിയിരുന്നു. രോഹിത് ശര്‍മയ്‌ക്ക് സഹതാരങ്ങളുടെ മനോവീര്യം വർദ്ധിപ്പിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
"നമുക്കെല്ലാവര്‍ക്കും വിരാട് കോലിയുടെ ആക്രമണോത്സുകത ശീലമാണ്. ടീം പ്രതിരോധത്തില്‍ ആവുമ്പോള്‍ ക്യാപ്റ്റൻ സഹതാരങ്ങളുടെ മനോവീര്യം വർദ്ധിപ്പിക്കും. എന്നാൽ തികച്ചും വ്യത്യസ്‌തനാണ് രോഹിത് ശർമ്മ", സരൺദീപ് സിങ് പറഞ്ഞു.
ALSO REDA: വിരാട് കോലിയുടെ ആസ്‌തി 1000 കോടിയിലേറെ ; വിശദാംശങ്ങള്‍ അറിയാം