മുംബൈ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാവുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ദയനീയ തോല്‍വിക്ക് ശേഷം ഇന്ത്യ വീണ്ടും കളിക്കാന്‍ ഇറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രമാണ് സൂപ്പര്‍ ബാറ്റര്‍ വിരാട് കോലി. സമീപകാലത്ത് ടെസ്റ്റില്‍ സ്ഥിരത പുലര്‍ത്താന്‍ 35-കാരനായ വിരാട് കോലിക്ക് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ 30-ല്‍ താഴെയാണ് ഇന്ത്യയുടെ റണ്‍ മെഷീനെന്ന് വിശേഷണമുള്ള കോലിയുടെ ശരാശരി. ടെസ്റ്റില്‍ വീണ്ടുമൊരു സെഞ്ചുറിക്കായുള്ള മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് കഴിഞ്ഞ മാര്‍ച്ചില്‍ സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലൂടെയാണ് താരം അവസാനിപ്പിച്ചത്. എന്നാല്‍ വിദേശ മണ്ണില്‍ കോലി ഒരു ടെസ്റ്റ് സെഞ്ചുറി നേടിയിട്ട് അഞ്ച് വര്‍ഷത്തിനടുത്തായി.
2018 ഡിസംബറില്‍ ഓസ്‌ട്രേലിയയിലാണ് 35-കാരന്‍റെ അവസാന സെഞ്ചുറി പിറന്നത്. ഇപ്പോഴിതാ വിദേശ മണ്ണില്‍ വീണ്ടുമൊരു സെഞ്ചുറിക്കായുള്ള നീണ്ട കാത്തിരിപ്പ് വിന്‍ഡീസിനെതിരായ പരമ്പരയിലൂടെ അവസാനിപ്പിക്കാന്‍ കോലിക്ക് കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
"വിരാട് കോലി കഴിഞ്ഞ അഞ്ച് വർഷമായി ഒരു വിദേശ ടെസ്റ്റ് സെഞ്ചുറി നേടിയിട്ടില്ല എന്നത് വളരെ രസകരമായ ഒരു കാര്യമാണ്. താരത്തിന്‍റെ അവസാന വിദേശ ടെസ്റ്റ് സെഞ്ചുറി 2018-ല്‍ ഓസ്‌ട്രേലിയയിലാണ്. അതിനുശേഷം വിദേശത്ത് ഒരു ടെസ്റ്റ് സെഞ്ചുറി നേടാന്‍ കോലിക്ക് കഴിഞ്ഞിട്ടില്ല. വീണ്ടുമൊരു സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഈ പരമ്പരയില്‍ അവസാനിച്ചേക്കാം"- ആകാശ് ചോപ്ര പറഞ്ഞു.
ആരാധകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെങ്കിലും കരീബിയൻ മണ്ണില്‍ കോലിയുടെ റെക്കോഡ് അത്ര മികച്ചതല്ല. ടെസ്റ്റില്‍ മറ്റ് മിക്ക രാജ്യങ്ങളിലും മിന്നും പ്രകടനം നടത്തിയ കോലി 2011-ലാണ് വെസ്റ്റ് ഇൻഡീസിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. രാജ്യത്ത് ഇതേവരെ കളിച്ച ഒമ്പത് ടെസ്റ്റുകളില്‍ നിന്നും 35.62 ശരാശരിയിൽ 463 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ മൂന്നാം പതിപ്പിന്‍റെ ഭാഗമായി ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും കളിക്കുന്ന ആദ്യ പരമ്പരയാണിത്. ഇതോടെ വിജയത്തുടക്കം ലക്ഷ്യമിട്ടാവും ഇരുടീമുകളും കളിക്കാന്‍ ഇറങ്ങുക. ഡൊമനിക്കയിലെ വിൻഡ്‌സർ പാർക്കിലാണ് മത്സരം നടക്കുന്നത്.
ALSO READ: WI vs IND: യശസ്വി ഉറപ്പിച്ചു, ഗില്ലിന് താല്‍പര്യം മൂന്നാംനമ്പർ: വിൻഡീസ് പരീക്ഷ ഇന്ന് തുടങ്ങും
ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ ,മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സെയ്‌നി.
ആദ്യ ടെസ്റ്റിനുള്ള വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് (ക്യാപ്‌റ്റന്‍), ജെർമെയ്ൻ ബ്ലാക്ക്‌വുഡ് (വൈസ് ക്യാപ്‌റ്റന്‍), അലിക്ക് അത്നാസെ, തഗെനരൈന്‍ ചന്ദര്‍പോള്‍, റകീം കോൺവാൾ, ജോഷ്വ ഡാ സിൽവ, ഷാനൻ ഗബ്രിയേൽ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, കിർക്ക് മക്കൻസി, റെയ്‌മൺ റെയ്‌ഫർ, കീമർ റോച്ച്, ജോമൽ വാരിക്കൻ.