മുംബൈ : പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് അരങ്ങേറുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ 15 കോടി രൂപയ്‌ക്കാണ് മുംബൈ ഇന്ത്യന്‍സ് ട്രേഡ് ചെയ്‌തിരിക്കുന്നത്(Mumbai Indians Sign Hardik Pandya from Gujarat Titans ahead of IPL 2024). ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
ക്യാപ്റ്റനാവുന്നതിനായി മുംബൈ ഇന്ത്യന്‍സ് വിട്ട ഹാര്‍ദിക് പാണ്ഡ്യ, വീണ്ടും രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാന്‍ എത്തിയതില്‍ യാതൊരു യുക്തിയുമില്ലെന്നാണ് ആകാശ് ചോപ്ര പറഞ്ഞുവയ്‌ക്കുന്നത് (Aakash Chopra on Hardik Pandya Mumbai Indians trade).
"ഹാർദിക്കിന്‍റെ സിവിയിൽ മികച്ചതായി കാണപ്പെടാത്ത ഒരു കാര്യം, ക്യാപ്റ്റനാകാൻ ആഗ്രഹിച്ചതിനാൽ അവന്‍ മുംബൈ ഇന്ത്യന്‍സ് വിട്ടു എന്നതാണ്. ഗുജറാത്തിനൊപ്പം പോയ ഹാര്‍ദിക് അവിടെയും പിന്നീട് ഇന്ത്യന്‍ ടീമിന്‍റേയും ക്യാപ്റ്റനായി. പക്ഷേ, നിലവില്‍ ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയുടേയും ക്യാപ്റ്റനല്ല.
പക്ഷേ, അവന് ഇപ്പോഴും ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ആഗ്രഹമുണ്ട്. എന്നെ സംബന്ധിച്ച് ഇതത്ര ശരിയായി തോന്നുന്നില്ല. എങ്ങനെ നോക്കിയാലും അതങ്ങനെ തന്നെയാണ്. നിലവില്‍ നിങ്ങൾ, നിങ്ങളുടെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനല്ല. മറിച്ച് ടി20 ലോകകപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റനാണ്. ഇത് ശരിയാണെന്ന് എനിക്ക് തോന്നുന്നേയില്ല" - ആകാശ് ചോപ്ര പറഞ്ഞു (Aakash Chopra against Hardik Pandya).
2015-ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച ഹാര്‍ദിക് 2021 വരെയുള്ള ഏഴ് സീസണുകളിലായിരുന്നു നേരത്തെ ടീമിനായി കളിച്ചത്. 2022-ലാണ് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറുന്നത്. ടീമിനൊപ്പമുള്ള രണ്ട് സീസണുകളില്‍ നായകനായും മിന്നും പ്രകടനമായിരുന്നു ഹാര്‍ദിക് നടത്തിയത്.
2022-ലെ അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് തൊട്ടടുത്ത സീസണില്‍ ടീമിനെ രണ്ടാം സ്ഥാനത്തും എത്തിച്ചിരുന്നു. ഹാര്‍ദിക്കിനെ തിരികെ എത്തിക്കുന്നതിന്‍റെ ഭാഗമായി ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ട്രേഡ് ചെയ്‌തിരുന്നു.
ALSO READ: തിരിച്ചുവരവില്‍ ഹാര്‍ദിക് പഴയ ഹാര്‍ദിക് അല്ലെന്ന് അറിയാം...ഇത് മുംബൈയുടെ 'ഇന്ത്യൻ പവർപ്ലേ'....
മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ താരങ്ങള്‍ : രോഹിത് ശർമ്മ (ക്യാപ്റ്റൻ), ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, വിഷ്ണു വിനോദ്, ജസ്പ്രീത് ബുംറ, കുമാർ കാർത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാൾ, അർജുൻ ടെണ്ടുൽക്കർ, ഷംസ് മുലാനി, ഇഷാൻ കിഷൻ, തിലക് വർമ, ടിം ഡേവിഡ്, നെഹാൽ വാധേര, ജേസൺ ബെഹ്‌റൻഡോർഫ്, റൊമാരിയോ ഷെപ്പേർഡ് (ട്രേഡ്), ഹാര്‍ദിക് പാണ്ഡ്യ (ട്രേഡ്).
ഒഴിവാക്കിയ താരങ്ങള്‍ : രമൺദീപ് സിങ്, ഹൃത്വിക് ഷോകിൻ, അർഷാദ് ഖാൻ, രാഘവ് ഗോയൽ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡുവാൻ ജാന്‍സെന്‍, റിലേ മെറെഡിത്ത്, ജോഫ്ര ആർച്ചർ, ക്രിസ് ജോർദാൻ, സന്ദീപ് വാര്യർ.