ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് കിഡംബി ശ്രീകാന്തിനെ നാമനിര്‍ദ്ദേശം ചെയ്ത് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ. അസേസിയേഷന്‍റെ നിര്‍ദ്ദേശം അവഗണിച്ച് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും വിട്ടുനിന്നതിന് നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് താരത്തിന്റെ പേര് പുരസ്‌കാരത്തിനായി നിര്‍ദ്ദേശിച്ചത്. അതേസമയം മലയാളി താരം എച്ച് എസ് പ്രണോയിയുടെ പേര് ഇതേവരെ ദേശീയ കായിക പുരസ്‌കാരത്തിനായി അസോസിയേഷന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. ഇരുവരും കഴിഞ്ഞ വര്‍ഷം മനിലയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും വിട്ടുനിന്നിരുന്നു.
അസോസിയേഷന്‍ നിര്‍ദ്ദേശം അവഗണിച്ചും ഇരുവരും വിട്ടുനിന്നത് കാരണം ഇന്ത്യക്ക് ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് സെമി ഫൈനലില്‍ ഇന്തോനേഷ്യയോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായി. നിലവില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് 15 ദിവസത്തികനം വിശദീകരണം നല്‍കാന്‍ അസോസിയേഷന്‍ പ്രണോയിയോട് ആവശ്യപെട്ടിട്ടുണ്ട്. അര്‍ജ്ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്യാത്തതിന് അസോസിയേഷനെ പ്രണോയി കഴിഞ്ഞ ദിവസം പരസ്യമായി വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ അസോസിയേഷനെ വിമര്‍ശിച്ച പ്രണോയിയുടെ നടപടിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പാരുപ്പള്ളി കശ്യപ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിനകം ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, സിംഗിള്‍സ് താരം സമീര്‍ വര്‍മ എന്നിവരെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ അര്‍ജ്ജുന പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.