സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവും സൈന നേവാളും ക്വാര്‍ട്ടറിൽ. ഡെന്മാര്‍ക്കിന്‍റെ മിയ ബ്ലിഷ്‌ഫെല്‍ട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ക്വാർട്ടർ യോഗ്യത നേടിയത്. സ്‌കോര്‍ 21-13, 21-19. ലോക ആറാം നമ്പര്‍ താരമായ ചൈനയുടെ സായ് യന്യനാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്‍റെ എതിരാളി.
തായ്‌ലന്‍ഡ് താരം പോണ്‍പാവീ ചോചുവോങ്ങിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് സൈനയുടെ ക്വാർട്ടർ പ്രവേശനം. സ്‌കോര്‍ 21-16, 18-21, 2-19. മൂന്ന് സെറ്റിലും തകർപ്പൻ പ്രകടനമാണ് ഇരുതാരങ്ങളും കാഴ്ച്ചവെച്ചത്. നിര്‍ണായകമായ മൂന്നാം സെറ്റില്‍ തുടക്കം മുതല്‍ ലീഡെടുത്ത സൈന എതിരാളിയെ ഒപ്പമെത്താന്‍ അനുവദിച്ചില്ല. അവസാന പോയിന്‍റുകളില്‍ പിഴവുകാട്ടാതെയാണ് സൈന ഗെയിം സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തില്‍ ഒളിമ്പിക്‌സ് ചാമ്പ്യന്‍ ചെന്‍ ലോങ്ങിനെതിരെ ഇന്ത്യയുടെ പി കശ്യപ് പൊരുതിത്തോറ്റു. ആദ്യ സെറ്റ് ചൈനീസ് താരം അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാമത്തെ സെറ്റില്‍ ശക്തമായി തിരിച്ചടിച്ച കശ്യപ് ഒപ്പമെത്തി. മൂന്നാമത്തെ സെറ്റിലും തുടക്കം മുതല്‍ എതിരാളിയെ വിറപ്പിക്കാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞെങ്കിലും ഗെയിം ചൈനീസ് താരം സ്വന്തമാക്കുകയായിരുന്നു.