ന്യൂഡല്‍ഹി: ബാറ്റ്മിന്‍റണ്‍ വേൾഡ് ഫെഡറേഷൻ നൽകുന്ന 'മോസ്റ്റ് ഇംപ്രൂവ്ഡ് പ്ലെയർ ഓഫ് ദ ഇയർ' അവാർഡിന് ഇന്ത്യൻ ജോഡികളായ സാത്വിക് സായിരാജ് റാങ്കിറെഡിയെയും ചിരാഗ് ഷെട്ടിയെയും നാമനിർദേശം ചെയ്‌തു. സാത്വിക്-ചിരാഗ് സഖ്യം തായ്‌ലൻഡ് ഓപ്പണിൽ കിരീടം സ്വന്തമാക്കുകയും ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്തുകയും ചെയ്‌തിരുന്നു. ഈ വർഷം 11 സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലവും നേടിയ പാരാ ബാഡ്‌മിന്‍റൺ താരം പ്രമോദ് ഭഗത് 'മെയിൽ പാര ബാഡ്‌മിന്‍റൺ പ്ലെയർ ഓഫ് ദ ഇയർ' അവാർഡിനും നാമനിർദേശം ചെയ്യപ്പെട്ടു.
പാരാ ബാഡ്‌മിന്‍റണിലെ രണ്ട് വിഭാഗങ്ങളില്‍ ഉൾപ്പെടെ ആറ് വിഭാഗങ്ങളിലായി താരങ്ങളെയും ജോഡികളെയുമാണ് പുരസ്‌ക്കാരം നല്‍കി ആദരിക്കുക. അതേസമയം ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് പി വി സിന്ധു, ഈ വർഷത്തെ ലോക ചാമ്പ്യൻഷിപ്പ് സ്വർണം ഒഴികെ ഒരു കിരീടവും നേടിയിട്ടില്ലാത്തതിനാൽ 'വനിതാ പ്ലെയർ ഓഫ് ദ ഇയർ' നോമിനികളുടെ പട്ടികയിൽ സ്ഥാനം കണ്ടെത്തിയില്ല. ഡിസംബർ 11 മുതൽ 15 വരെ നടക്കുന്ന ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനലിന്‍റെ രണ്ടാം പതിപ്പിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുരസ്‌ക്കാരം വിതരണം ചെയ്യും.