ക്വാലാലംപൂർ: മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡമിന്‍റണ്‍ ടൂർണമെന്‍റില്‍ പ്രതീക്ഷയുമായി ഇന്ത്യ. ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവും ലോക ചാമ്പ്യനുമായ പിവി സിന്ധു ഉൾപ്പെടെ നാല് ഇന്ത്യന്‍ താരങ്ങൾ രണ്ടാം റൗണ്ടിലേക്ക് കടന്നു. വനിതാ വിഭാഗം സിംഗിൾസില്‍ ഇന്ത്യയുടെ പിവി സിന്ധു ആദ്യ റൗണ്ടില്‍ റഷ്യൻ താരം എവ്‍ജിനിയ കോസെറ്റ്സകയെ നേരിട്ടുള്ള നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപെടുത്തി. സ്കോർ 21-15 21-13. സിന്ധു രണ്ടാം റൗണ്ടില്‍ ജപ്പാന്‍റെ അയാ ഒഹോരിയെ നേരിടും.
വനിതാ വിഭാഗം സിംഗിൾസില്‍ ബൽജിയം താരം ലിയാനെ ടാനെയെ പരാജയപെടുത്തി ഇന്ത്യയുടെ സൈന നെഹ്‌വാളും രണ്ടാം റൗണ്ടിലേക്ക് കടന്നു. 36 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകൾക്കാണ് ടാനെയെ പരാജയപെടുത്തിയത്. സ്കോർ 21-15 21-17.
പുരുഷവിഭാഗം സിംഗിൾസില്‍ ലോക പത്താം നമ്പര്‍ താരം കാന്‍റാ സുനെയ്‌മയെ അട്ടിമറിച്ചാണ് എച്ച് എസ് പ്രണോയ് രണ്ടാം റൗണ്ടിലെത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയിയുടെ വിജയം. സ്കോര്‍ 21-9, 21-17. ലോക ഒന്നാം നമ്പര്‍ താരം കെന്‍റോ മൊമോട്ടയാണ് രണ്ടാം റൗണ്ടില്‍ പ്രണോയിയുടെ എതിരാളി.
തായ്‌ലന്‍ഡിന്‍റിന്‍റെ കാന്‍റഫോന്‍ വാംഗ്‌ചറോയനെ കീഴടക്കി ഇന്ത്യയുടെ സമീര്‍ വര്‍മയും പുരുഷ വിഭാഗം രണ്ടാം റൗണ്ടിലേക്ക് കടന്നു. സ്കോര്‍ 21-16, 21-15. നേരത്തെ സായ്പ്രണീത് ഡെൻമാർക്ക് താരം റാസ്‌മസ് ജെംകേയോടും ശ്രീകാന്ത് ചൈനീസ് തായ്പേയിയുടെ ചൗ ടിയെൻ ചെന്നിനോടും പാരുപ്പള്ളി കശ്യപ് ലോക ഒന്നാം നമ്പര്‍ താരം കെന്‍റോ മൊമോട്ടയോട് പരാജയപെട്ടും ടൂർണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.