ലണ്ടന്‍: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന നാല് ഇന്ത്യാക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ബാഡ്മിന്‍റൺ വേൾഡ് ഫെഡറേഷന്‍ (ബി.ഡബ്ല്യൂ.എഫ്). മൂന്ന് കളിക്കാര്‍ക്കും ഒരു സ്റ്റാഫിനുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ബി.ഡബ്ല്യൂ.എഫ് പ്രസ്താവനയില്‍ അറിയിച്ചത്.
" ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കുറച്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ വീണ്ടും ടെസ്റ്റിന് വിധേയമാക്കും. അതുവരെ സെല്‍ഫ് ഐസൊലേഷനില്‍ തുടരാന്‍ താരങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം അനുസരിച്ച് അവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം " ബി.ഡബ്ല്യൂ.എഫ് പ്രതിനിധി പറഞ്ഞു.
എന്നാല്‍ താരങ്ങള്‍ക്കും സ്റ്റാഫിനും കൊവിഡില്ലെന്നും കൊവിഡ് പോസിറ്റീവായെന്ന് പറയുന്നത് ബുദ്ധി ശൂന്യമാണെന്നും ഇന്ത്യന്‍ കോച്ച് മത്തിയാസ് ബോ പ്രതികരിച്ചു.'' ഞങ്ങളുടെ മൂന്ന് കളിക്കാര്‍ക്കും ഒരു സ്റ്റാഫറിനും കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. അത് തികച്ചും അസംബന്ധവും ബുദ്ധിശൂന്യവുമാണ്. ഇതെങ്ങനെ സംഭവിക്കും?. രണ്ടാഴ്ച മുമ്പ് സ്വിസ് ഓപ്പണ്‍ കഴിഞ്ഞത് മുതല്‍ ഞങ്ങളെല്ലാവരും ക്വാറന്‍റെെനിലാണ്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഞങ്ങളെ അഞ്ച് തവണ പരിശോധിച്ചപ്പോഴെല്ലാം നെഗറ്റീവായിരുന്നു. ഞങ്ങള്‍ പരസ്പരം മാത്രമേ ബന്ധപ്പെട്ടിട്ടൊള്ളു. പെട്ടെന്ന് എങ്ങനെ കൊവിഡ് വരും'' അദ്ദേഹം ചോദിച്ചു.