വാഷിങ്‌ടൺ: ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രശസ്‌ത ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് ഉയർന്ന രക്തസമ്മർദവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ന്യൂയോർക്കിലെ ബെലിവ്യൂ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ആരോഗ്യനില തൃപ്‌തികരമാണെന്നും സുഖം പ്രാപിച്ച ശേഷം വെയ്ൻസ്റ്റൈനെ സുരക്ഷയോട് കൂടി ജയിലിലേക്ക് മാറ്റുമെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ഡോണ റൊട്ടോനോ പറഞ്ഞു.
വെയ്ൻസ്റ്റൈനെതിരെ മീ ടൂവും കൂടാതെ പ്രമുഖ ഹോളിവുഡ് നടിമാരുടെയും മോഡലുകളുടെയും ലൈംഗിക ആരോപണ കേസുകളും ഉണ്ടായിരുന്നു. മിരിയം ഹാലിയുടെയും നടി ജെസിക്ക മാനിന്‍റെയും പരാതിയുടെ അടിസ്ഥാനത്തിൽ ന്യൂയോർക്ക് കോടതി അദ്ദേഹത്തെ കുറ്റക്കാരനായും കണ്ടെത്തി. കേസിൽ ഹാർവി വെയ്ൻസ്റ്റൈന് ഏറ്റവും കുറഞ്ഞത് അഞ്ച് വർഷവും പരമാവധി 20 വർഷവും തടവ് ശിക്ഷ ലഭിക്കും. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.