Wayfarer films on Salute OTT release: 'സല്യൂട്ട്' ഒടിടി കരാര്‍ ആണ് ആദ്യം ഒപ്പുവച്ചതെന്ന് ദുല്‍ഖര്‍ സല്‍മാന്‍റെ പ്രൊഡക്ഷന്‍ ഹൗസ് വേഫറര്‍ ഫിലിംസ്. 'സല്യൂട്ട്' ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടര്‍ന്ന് ദുല്‍ഖര്‍ ചിത്രങ്ങളോട് സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി വേഫറര്‍ ഫിലിംസ് രംഗത്തെത്തിയത്. തുടക്കത്തില്‍ ഒടിടിക്കായി നിര്‍മിച്ച ചിത്രമാണ് 'സല്യൂട്ട്' എന്ന് വേഫറര്‍ ഫിലിംസ് വ്യക്തമാക്കി.
Salute OTT release: ഒടിടിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ 'സല്യൂട്ട്' ഫെബ്രുവരി 14ന് മുമ്പ് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന ധാരണയുണ്ടായിരുന്നുവെന്നും കൊവിഡ് മൂലമുണ്ടായ ചില അസൗകര്യങ്ങള്‍ കാരണം ചിത്രം സമയത്ത് തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും വേഫറര്‍ ഫിലിംസിന്‍റെ വക്താവ് അറിയിച്ചു. മാര്‍ച്ച് 30ന് മുമ്പ് ചിത്രം ഒടിടിയില്‍ എത്തിയില്ലെങ്കില്‍ അത് കരാര്‍ ലംഘനം ആകുമെന്നും അതുകൊണ്ടാണിപ്പോള്‍ സല്യൂട്ട് ഒടിടി റിലീസ് ചെയ്യുന്നതെന്നും വേഫറര്‍ ഫിലിംസ് വക്താവ് പറഞ്ഞു.
കരാറില്‍ പറഞ്ഞ കാലയളവിനുള്ളില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്‌തില്ലെങ്കില്‍ ഒടിടി റിലീസിന് പോകുമെന്ന് തിയേറ്റര്‍ ഉടമകളെ നേരത്തെ തന്നെ അറിയിച്ചിരുന്നതായും വേഫറര്‍ ഫിലിംസ് വ്യക്തമാക്കി. 'സല്യൂട്ടി'ന് ഒടിടി കരാര്‍ ആണ് ആദ്യം ഒപ്പുവച്ചത്. ജനുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനും ഒടിടിയുമായും ധാരണയുണ്ടായിരുന്നു.
ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യണം എന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. എന്നാല്‍ മാര്‍ച്ച് 31നകമോ അതിന് മുമ്പോ ഒടിടി പ്ലാറ്റ്‌ഫോമില്‍ 'സല്യൂട്ട്' എത്തണമെന്ന് ഈ കരാറില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ധാരണയുണ്ട്. കൊവിഡ് രൂക്ഷമായതോടെ പറഞ്ഞ തീയതിയില്‍ സിനിമ തിയേറ്ററില്‍ എത്തിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഒടിടിയുമായി ഒരു കരാര്‍ ഉണ്ടായിരിക്കുകയും അത് പാലിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോള്‍, അത് ഞങ്ങളുടെ വിശ്വാസ്യത നഷ്‌ടപ്പെടുന്ന കാര്യമായി മാറും. അതുകൊണ്ട് തന്നെ ഒടിടിയിലൂടെ റിലീസ് ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ല. അല്ലാത്ത പക്ഷം കരാര്‍ ലംഘനമാകും. -വേഫറര്‍ ഫിലിംസ് പറഞ്ഞു.
Also Read: പൃഥ്വിക്ക് പകരക്കാരനായി സല്‍മാന്‍ ഖാന്‍; പ്രഖ്യാപനവുമായി ചിരഞ്ജീവി