പാലക്കാട്: സംവിധായകന്‍ സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നഞ്ചിയമ്മ കൈ നിറയെ സിനിമകളുമായി തിരക്കിലാണ്. അയ്യപ്പനും കോശിക്കും ശേഷമുള്ള വിശേഷങ്ങള്‍ നിഷ്‌കളങ്കമായ ചിരിയിലൂടെയും തുറന്ന് പറച്ചിലുകളിലൂടെയും നഞ്ചിയമ്മ ഇടിവി ഭാരതുമായി പങ്കുവെച്ചു.
അയ്യപ്പനും കോശിയും ചിത്രത്തിലെ 'കലകാത്ത' എന്ന ഗാനം ആലപിച്ചാണ് നഞ്ചിയമ്മ വൈറലാകുന്നതും കേരളക്കരയുടെ സ്നേഹം നേടുന്നതും. അയ്യപ്പനും കോശിയും ഉള്‍പ്പടെ മൂന്ന് സിനിമകളിലാണ് നഞ്ചിയമ്മ അഭിനയിച്ചത്. അതില്‍ തനിക്ക് ഇന്നും പ്രിയപ്പെട്ടത് അയ്യപ്പനും കോശിയും തന്നെയാണെന്നാണ് നഞ്ചിയമ്മ പറയുന്നു. തന്‍റെ അട്ടപ്പാടിയും അവിടുത്തെ ജനങ്ങളും സിനിമയുടെ ഭാഗമായി എന്നതാണ് അയ്യപ്പനും കോശിയും ഏറെ പ്രിയപ്പെട്ടതാകാന്‍ കാരണമെന്നും നഞ്ചിയമ്മ പറഞ്ഞു.
വിജീഷ് മണി സംവിധാനം ചെയ്യുന്ന 'ഉം' എന്ന ചലച്ചിത്രത്തിലാണ് നഞ്ചിയമ്മ ഒടുവില്‍ അഭിനയിച്ചത്. ഐ.എം വിജയനാണ് ചിത്രത്തിൽ മുഖ്യവേഷം അവതരിപ്പിക്കുന്നത്. പൂർണമായും കുറുമ്പ ഗോത്ര ഭാഷയിൽ ചിത്രീകരിച്ചിരിക്കുന്ന ആദ്യ ചലച്ചിത്രമെന്ന റെക്കോർഡും ഈ ചലച്ചിത്രത്തിന് ഉണ്ട്. ശ്രീനിവാസന്‍റെ ഒരു ചിത്രത്തിലും അഭിനയിച്ചതായി നഞ്ചിയമ്മ പറയുന്നു. അഭിനയിക്കുന്ന സിനിമകൾക്കുള്ള പ്രതിഫലം ഇന്നുവരെ കണക്ക് പറഞ്ഞ് വാങ്ങിച്ചിട്ടില്ലെന്നും അധ്വാനത്തിനുള്ള പ്രതിഫലം കൃത്യമായി വീട്ടില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കൊണ്ടുതന്നിട്ടുണ്ടെന്നും നഞ്ചിയമ്മ പറഞ്ഞു.