നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളിക്ക് നല്‍കിയ വിനയൻ ഒരുക്കുന്ന 19ആം നൂറ്റാണ്ടിന്‍റെ ചിത്രീകരണം അടുത്തവര്‍ഷം ജനുവരിയിൽ ആരംഭിക്കും. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ സിനിമയുടെ ലൊക്കേഷൻ ഹണ്ടിങ് നടന്നിരുന്നു. എറണാകുളം, തൃപ്പൂണിത്തുറ ഹിൽപാലസ് എന്നിവിടങ്ങളിലായിട്ടായിരിക്കും ആദ്യഘട്ട ചിത്രീകരണം നടക്കുക. ചിത്രത്തിൽ മലയാളത്തിലേയും ദക്ഷിണേന്ത്യയിലേയും പ്രമുഖ താരങ്ങള്‍ അണിനിരക്കും. സെപ്റ്റംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിട്ടിരുന്നത്. കൊവിഡിന്‍റെ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ചിത്രീകരണം ജനുവരിയിലേക്ക് മാറ്റിയത്. ഇതിഹാസ കഥയാണ് സിനിമ പറയുക എന്നതിനാല്‍ നൂറോളം കലാകാരന്മാരെയും ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളെയും പങ്കെടുപ്പിക്കേണ്ടതുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിലെ വലിയ സാഹസികനും പോരാളിയുമായിരുന്ന നവോഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കർ, തിരുവിതാംകൂറിലെ കായംകുളം കൊച്ചുണ്ണി, മാരുമറയ്ക്കൽ സമര നായിക നങ്ങേലി തുടങ്ങിയ ചരിത്ര നായകന്മാർ സിനിമയിൽ കഥാപാത്രങ്ങളാകും. പ്രധാന അഭിനേതാക്കളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ സ്ക്രിപ്റ്റ് പൂർണ്ണമായി. ആകാശഗംഗ 2 ആണ് അവസാനം പുറത്തിറങ്ങിയ വിനയന്‍ ചിത്രം.