ഓരോ ഫ്രെയിമിലും അക്ഷരങ്ങൾ കൊണ്ട് സ്വപ്നങ്ങൾ ചാലിച്ചെഴുതിയ ഗന്ധർവൻ... പത്മരാജൻ... നക്ഷത്രങ്ങളെ സാക്ഷിയാക്കി കഥകൾ പറഞ്ഞ് ഇനിയും എഴുതിത്തീരാത്ത ഒരായിരം കഥകളുടെ ലോകത്തേക്ക് മടങ്ങിപ്പോയ ഗന്ധർവൻ... മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരനും സംവിധായകനുമായ പത്മരാജന്‍റെ ഓർമകൾക്ക് ഇന്ന് മുപ്പത് വയസ്...
'ഞാന്‍ ഗന്ധര്‍വ്വന്‍... ചിത്രശലഭമാകാനും, മേഘമാലകളാകാനും, പാവയാകാനും, പറവയാകാനും, മാനാവാനും മനുഷ്യനാവാനും നിന്‍റെ ചുണ്ടിന്‍റെ മുത്തമാവാനും നിമിഷാര്‍ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി... ഞാന്‍ ഗന്ധര്‍വ്വന്‍...'
ഒരു കഥ പാതിയില്‍ പറഞ്ഞ് നിർത്തി, ജനുവരിയുടെ നഷ്ടമായി പത്മരാജൻ ഈ ലോകത്തോട് വിട പറയുമ്പോൾ ഞാൻ ഗന്ധർവൻ എന്ന അദ്ദേഹത്തിന്‍റെ സിനിമ തിയേറ്ററുകളില്‍ എത്തിയിരുന്നു. പ്രണയം... അത് തീവ്രാനുരാഗമായി... പിന്നീട് മഴയായി പെയ്‌തിറങ്ങുമ്പോൾ... അവിടെ നിറഞ്ഞു= തുളുമ്പുന്ന മനുഷ്യമനസിന്‍റെ വൈകാരിക നിമിഷങ്ങൾ.. ഫ്രെയിമുകളില്‍ നിന്ന് ഫ്രെയിമുകളിലേക്ക് പത്മരാജൻ മാറ്റിയെഴുതുമ്പോൾ അത് കാഴ്ചക്കാരന്‍റെ മനസിലേക്ക് ആഴ്‌ന്നിറങ്ങുകയായിരുന്നു.
'ഞാൻ എപ്പോഴും ഓര്‍ക്കും ഓരോ മുഖം കാണുമ്പോഴും ഓർക്കും... മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടികൊണ്ടിരിക്കുവല്ലേ.... അങ്ങനെ കൂടി കൂടി ഒരു ദിവസം ഇതങ്ങ് മറക്കും... മറക്കുമായിരിക്കും... അല്ലേ....?
'പിന്നെ.... മറക്കാതെ....'
'പക്ഷെ എനിക്ക് മറക്കണ്ട......!'
അനശ്വര പ്രണയകഥകളുടെ രചയിതാവായിരുന്നു പത്മരാജന്‍.... നിഗൂഢത നിറയുമ്പോഴും വളരെ ലളിതമായി ഒരു മുത്തശ്ശിക്കഥ പോലെ പത്മരാജൻ കഥ പറഞ്ഞിരുന്നു. മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച കഥാകൃത്തും തിരക്കഥാകൃത്തുമായിരുന്നു പത്മരാജൻ. 1945 മേയ് 23 ന് ആലപ്പുഴയിലെ മുതകുളത്ത് ഞവരയ്ക്കൽ തറവാട്ടില്‍ ചേപ്പാട് ഞവരയ്ക്കൽ അനന്തപത്മനാഭ പിള്ളയുടേയും ദേവകിയമ്മയുടേയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ തന്നെ. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ തിരുവനന്തപുരം മഹാത്മഗാന്ധി കോളജിൽ ചേർന്നു. രസതന്ത്രത്തിൽ ബിരുദം നേടി. കോളജിൽ പഠിക്കുന്ന കാലത്താണ് കഥകള്‍ എഴുതി തുടങ്ങുന്നത്... അദ്ദേഹം ആദ്യം എഴുതിയ കഥ ‘ലോല’ ആണ്. പ്രണയം, വിപ്ലവം, നിഗൂഢത, വിമർശനം, തുടങ്ങി മനുഷ്യന്‍റെ എല്ലാ മൂർത്ത ഭാവങ്ങളും അദ്ദേഹത്തിന്‍റെ രചനകളില്‍ നിറഞ്ഞു നിന്നു. അപരൻ, പ്രഹേളിക, പുക, കണ്ണട, തുടങ്ങിയ കൃതികൾ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നോവൽ രചനയിലേക്ക് കടന്നു. 1971ൽ എഴുതിയ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ വർഷത്തെ കുങ്കുമം അവാർഡും മികച്ച നോവലിനുള്ള സാഹിത്യ അക്കാദമി അവാർഡും ആ നോവലിന് ലഭിച്ചു. പ്രയാണമാണ് ആദ്യ തിരക്കഥ. പിന്നാലെ വാടകയ്‌ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങി പതിനഞ്ചോളം നോവലുകളും, മുപ്പതോളം തിരക്കഥകളും അദ്ദേഹത്തിന്‍റെ തൂലികയില്‍ പിറവികൊണ്ടു.
സ്വന്തം തിരക്കഥയായ പെരുവഴിയമ്പലം എന്ന നോവൽ സംവിധാനം ചെയ്‌തുകൊണ്ടാണ് സിനിമ സംവിധാന രംഗത്തേക്ക് കടന്ന് വന്നത്. കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, നവംബറിന്‍റെ നഷ്ടം, തൂവാനത്തുമ്പികൾ, അപരൻ, മൂന്നാം പക്കം, ഇന്നലെ, ഞാൻ ഗന്ധർവൻ എന്നിങ്ങനെ ഒരു പിടി ചിത്രങ്ങൾ. പതിനെട്ടോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. ഇതാ ഇവിടെവരെ, രതിനിർവേദം, വാടകയ്ക്ക് ഒരു ഹൃദയം, സത്രത്തിൽ ഒരു രാത്രി, രാപ്പാടികളുടെ ഗാഥ, നക്ഷത്രങ്ങളെ കാവൽ, തകര, കൊച്ചു കൊച്ചു തെറ്റുകൾ, ശാലിനി എന്‍റെ കൂട്ടുകാരി, ലോറി, കരിമ്പിൻ പൂവിന്നക്കരെ, ഒഴിവുകാലം, ഈ തണുത്ത വെളുപ്പാൻ കാലത്ത് എന്നിവ പത്മരാജന്‍റെ തിരക്കഥകളാണ്.
രാപ്പാടികളുടെ ഗാഥയ്ക്ക് 1978 ലെയും പെരുവഴിയമ്പലത്തിന് 1979 ലെയും കാണാമറയത്തിന് 1984 ലെയും അപരന് 1988 ലെയും മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന സർക്കാരിന്‍റെ അവാർഡ്. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്ത് പ്രസിദ്ധനായതിന് ശേഷം അദ്ദേഹം രചിച്ചതാണ്. കേരള സാഹിത്യ അക്കാദമി അവാർഡും സിനിമയിൽ ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങളും പത്മരാജന്‍ നേടി.
കാലം ചിലപ്പോഴെല്ലാം അങ്ങനെയാണ്.. അതിന് വേഗം കൂടും.. 1991 ജനുവരി 24ന് നാൽപ്പത്തിയാറാം വയസിൽ ഇനിയും എഴുതിതീരാതെ പത്മരാജൻ തന്‍റെ ഗന്ധർവ ലോകത്തേക്ക് യാത്രയായി. കാറ്റ് പോലെ ഒരാള്‍... മലയാളിയുടെ പ്രണയ സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ പത്മരാജന്‍...
'വീണ്ടും കാണുക എന്നതൊന്ന് ഉണ്ടാവില്ല.... നീ മരിച്ചതായി ഞാനും... ഞാൻ മരിച്ചതായി നീയും കണക്കാക്കുക.... ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക....'