മലയാള സിനിമയുടെ ശൈശവം മുതല്‍ ഒപ്പം സഞ്ചരിക്കുന്ന നടന്‍... നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ഭാവാഭിനയത്തിന്‍റെ ചക്രവര്‍ത്തി മധു ഇന്ന് 87ന്‍റെ നിറവില്‍. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടെയും മൂത്തപുത്രനായി ജനനം. യഥാര്‍ഥ പേര് മാധവന്‍ നായര്‍. വിദ്യാര്‍ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കി പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ബിരുദവും തുടര്‍ന്ന് ബിരുദാനന്തര ബിരുദവും നേടി കോളജ് അധ്യാപകനായി. അപ്പോഴും മാധവന്‍ നായരുടെ മനസിലെ അഭിനയമോഹം കെട്ടടങ്ങിയിരുന്നില്ല. ഒരിക്കല്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തില്‍ കണ്ട അദ്ദേഹം രണ്ടും കല്‍പ്പിച്ച് അധ്യാപക ജോലി രാജിവച്ച് ഡല്‍ഹിക്ക് വണ്ടികയറി. 1959ല്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു. എന്‍എസ്‌ഡിയില്‍ പഠിക്കുന്ന കാലത്താണ് രാമു കാര്യാട്ടുമായി അടുപ്പത്തിലായത്. പഠനം പൂര്‍ത്തിയാക്കിയശേഷം നാടക രംഗത്ത് സജീവമാകാനായിരുന്നു ഉദ്ദേശം. പക്ഷേ നിയോഗം മറ്റൊന്നായിരുന്നു. കാജ അഹ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച മധുവിന്‍റെ ജൈത്രയാത്ര മലയാള സിനിമാ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്. ആദ്യ മലയാളചിത്രം രാമു കാര്യാട്ടിന്‍റെ മൂടുപടം ആയിരുന്നു. എന്നാല്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മിച്ച് എന്‍.എന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പാടുകളാണ്. തിക്കുറിശ്ശി സുകുമാരന്‍ നായരാണ് മാധവന്‍ നായരെ മധുവാക്കി മാറ്റിയത്.
പ്രേം നസീറും സത്യനും അരങ്ങുവാണ കാലത്താണ് മധു മലയാള സിനിമയില്‍ എത്തുന്നത്. നടന വൈഭവം കൊണ്ട് ഞൊടിയിടയില്‍ മലയാളിയുടെ നായക സങ്കല്‍പ്പത്തിന് വേറിട്ട മുഖമായി മധു മാറി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവര്‍ന്നു. പിന്നീട് അങ്ങോട്ട് ഈ നടന്‍റെ സഞ്ചാരം മലയാള സിനിമയുടെ മാറ്റങ്ങള്‍ക്കൊപ്പമായിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്‍റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. ചെമ്മീനിലെ പരീക്കുട്ടി കടപ്പുറത്ത് പാടി...പാടി നടന്നപ്പോള്‍ അന്നേവരെ കാണാത്ത കാമുകഭാവം മലയാളി കണ്ടു. കാലത്തിെനാപ്പം പ്രായത്തിനൊത്ത വേഷങ്ങള്‍ മധു ഇപ്പോഴും അരങ്ങിലെത്തിക്കുന്നു. നടന് പുറമെ സംവിധായകനായും നിര്‍മാതാവായും മധു എത്തി. പതിറ്റാണ്ടുകള്‍ക്ക് ശേഷവും മധുവിനെ കാണുമ്പോള്‍ ചെമ്മീനിലെ സംഭാഷണങ്ങളും ഗാനങ്ങളുമാണ് പ്രേക്ഷകരുടെ മനസില്‍ ഓടിയെത്തുത്. മിമിക്രി താരങ്ങള്‍ ഈ നടനെ അനുകരിക്കാന്‍ ഉപയോഗിക്കുന്നതും ഇതേ ചിത്രത്തിലെ സംഭാഷണങ്ങളാണ്. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ നായക വേഷത്തില്‍ മധു തിളങ്ങി. ഭാര്‍ഗവീനിലയം, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനല്‍ തുടങ്ങിയ ചിത്രങ്ങളിലുടെ മധു മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറി. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. 2013ല്‍ മധുവിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍, അറബിക്കടലിന്‍റെ സിംഹമാണ് മധുവിന്‍റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.