മാന്നാര്‍ മത്തായി സ്‌പീക്കിംഗ്, ബ്ലാക്ക് ഡാലിയ, ചിന്താമണി കൊലക്കേസ്, ദ കിങ്, ഇന്‍ഡിപ്പെന്‍ഡന്‍സ്, ജയിംസ് ബോണ്ട്, ദി ട്രൂത്ത് തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ മലയാളത്തിന്‍റെ ആക്ഷന്‍ നായികയാണ് വാണി വിശ്വനാഥ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും വേഷമിട്ട നടി സിനിമയില്‍ നിന്ന് ഏറെ നാളായി വിട്ടുനില്‍ക്കുകയായിരുന്നു. 2014ല്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി 2 ലാണ് വാണി വിശ്വനാഥ് ഒടുവില്‍ അഭിനയിച്ചത്. അതിഥി വേഷത്തിലാണ് ചിത്രത്തില്‍ വാണി പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴിതാ അവര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി വെള്ളിത്തിരയില്‍ തിരിച്ചെത്തുകയാണ്. ദി ക്രിമിനല്‍ ലോയര്‍ എന്ന് പേരിട്ടിരിക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ ഭര്‍ത്താവ് ബാബുരാജിനൊപ്പമാണ് വാണി വിശ്വനാഥ് അഭിനയിക്കുന്നത് എന്നതാണ് സവിശേഷത.
ഇരുവരും ഒന്നിക്കുന്ന ക്രിമിലര്‍ ലോയറുടെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു. ചടങ്ങില്‍ തന്‍റെ മടങ്ങിവരവിനെക്കുറിച്ചും ചിത്രത്തെക്കുറിച്ചും വാണി വിശ്വനാഥ് വ്യക്തമാക്കിയിരുന്നു.
നല്ലൊരു കഥാപാത്രത്തിലൂടെ വീണ്ടും മലയാളി പ്രേക്ഷകരെ കാണാന്‍ പോകുന്നു എന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് നടി പറയുന്നത്. ഇത്തരമൊരു കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നോ എന്ന് പലരും തന്നോട് ചോദിച്ചിരുന്നു. എന്നാല്‍ തന്‍റേതായ ചില കാര്യങ്ങള്‍ക്ക് വേണ്ടി സിനിമ മാറ്റിവച്ചതാണ്. തിരിച്ചുവന്നപ്പോള്‍ അതൊരു നല്ല കഥാപാത്രമായെന്നും വാണി വിശ്വനാഥ് പറയുന്നു.
Also Read:ആദിവാസി സമൂഹത്തിന്‍റെ നീതിക്കുവേണ്ടി പോരാടുന്ന അഭിഭാഷകന്‍ ; സൂര്യയുടെ ജയ് ഭീം ട്രെയിലര്‍
ക്രൈം-ത്രില്ലര്‍ സിനിമകളുടെ ആരാധികയാണ് ഞാന്‍. ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഈ ചിത്രം ചെയ്യാമെന്ന് കരുതി. എന്‍റെ കഥാപാത്രം പോലെ ബാബുവേട്ടന്‍റേതും നല്ലൊരു കഥാപാത്രമാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ജോജി എന്നീ സിനിമകളിലെ വേഷങ്ങള്‍ പോലെ നിങ്ങള്‍ ഇഷ്ടപ്പെടുന്നൊരു വേഷമാകും ഈ ചിത്രത്തിലേത്.
മാന്നാര്‍ മത്തായിക്ക് ശേഷം അവിടുന്നങ്ങോട്ട് എനിക്ക് നിങ്ങള്‍ തന്ന പ്രോത്സാഹനവും പിന്തുണയും ചെറുതല്ല. അത് എന്നും ഉണ്ടാകണം. റിയലിസ്‌റ്റിക് സിനിമകള്‍ ഏറെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകര്‍ക്കിടയില്‍ റിയലിസ്‌റ്റിക് അല്ലാത്ത ചില കഥാപാത്രങ്ങള്‍ ചെയ്ത് കയ്യടി വാങ്ങിച്ച ആളാണ് ഞാന്‍. എന്നെ ഇനിയും പിന്തുണയ്ക്കണം -വാണി വിശ്വനാഥ് പറഞ്ഞു.
തേര്‍ഡ് ഐ മീഡിയ മേക്കേഴ്സിന്‍റെ ബാനറില്‍ ഉമേഷ് എസ്.മോഹന്‍ തിരക്കഥ എഴുതി നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗദീഷ്, സുധീര്‍ കരമന, ജോജി, ഷമ്മി തിലകന്‍, സുരേഷ് കൃഷ്ണ, അബു സലീം തുടങ്ങിയവരും വേഷമിടുന്നു. ഷിനോയ് ഗോപിനാഥ് ഛായാഗ്രഹണവും വിഷ്ണു മോഹന്‍ സിതാര സംഗീതവും നിര്‍വ്വഹിക്കുന്നു. നവംബറില്‍ ചിത്രീകരണം ആരംഭിക്കും. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം.