ഓണക്കാലത്ത് കുടുംബത്തിനൊപ്പമിരുന്ന് ആസ്വദിക്കാനുള്ള ഫീൽഗുഡ് മൂവിയായിരുന്നു ഓഗസ്റ്റ് 19ന് ആമസോൺ പ്രൈമിലെത്തിയ 'ഹോം'. ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്‌ലിൻ, ജോണി ആന്‍റണി, ശ്രീകാന്ത് മുരളി തുടങ്ങിയ താരങ്ങളെ അണിനിരത്തി റോജിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്‌തത്.
സിനിമയുടെ റിലീസ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് ഹോം എന്ന ചിത്രവും സിനിമ നൽകിയ അവബോധവുമാണ്.
ഹോമിൽ ഒലിവർ ട്വിസ്റ്റ് എന്ന കുടുംബനാഥനെ ഇന്ദ്രൻസ് അവതരിപ്പിച്ചപ്പോൾ ഭാര്യ കുട്ടിയമ്മയുടെ വേഷം ചെയ്‌തത് മഞ്ജു പിള്ളയാണ്. ഇരുവരുടെയും കോമ്പോയും അഭിനയമികവും ഇതിനകം തന്നെ പ്രശംസ നേടിക്കഴിഞ്ഞു.
നീ വരുവോളം ചിത്രത്തിൽ ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയും...
ഹോമിലെ ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയും ജനപ്രീതി കൈവരിക്കുമ്പോഴും, ഇരുവരും ഒരുമിച്ചുള്ള ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 'നീ വരുവോളം' എന്ന പഴയ മലയാളചിത്രത്തിൽ ഇരുവരും ദമ്പതികളായി അഭിനയിച്ചിരുന്നു.
ജഗതി ശ്രീകുമാറിന്‍റെ പ്രണയിനി ആയിരുന്ന മഞ്ജു പിള്ളയുടെ കഥാപാത്രം ഇന്ദ്രൻസിനെ വിവാഹം കഴിച്ച് കാറിൽ വന്നിറങ്ങുന്ന രംഗത്തിലെ ചിത്രമാണിത്.
'ഒലിവർ ട്വിസ്റ്റിന്‍റെയും കുട്ടിയമ്മയുടെയും വിവാഹ ഫോട്ടോ,' എന്ന കാപ്ഷനിൽ ട്രോളന്മാർ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.
ഇന്ദ്രൻസിന്‍റെ കരിയറിലെ 341-ാമത്തെ ചിത്രമായിരുന്നിട്ടും ആദ്യമായാണ് താരത്തിന് ഒരു മുഴുനീള കഥാപാത്രം ലഭിച്ചത്.
മിക്ക സിനിമകളുടെയും ക്ലൈമാക്‌സിൽ നിന്ന് താൻ ഒഴിവാക്കപ്പെട്ടിരുന്നുവെന്നും, എന്നാൽ ഹോം അത് തിരുത്തിക്കുറിക്കുകയായിരുന്നുവെന്നുമാണ് ഇന്ദ്രൻസ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
More Read: ഇന്ദ്രൻസിന്‍റെ 'ഹോം' ആമസോണിലൂടെ ഓണം റിലീസിനെത്തുന്നു
നടി ഉർവശിക്കായി നിശ്ചയിച്ചിരുന്ന കഥാപാത്രമായിരുന്നു കുട്ടിയമ്മയെന്നും പിന്നീട് തന്നിലേക്ക് എത്തുകയായിരുന്നുവെന്നും മഞ്ജു പിള്ള വെളിപ്പെടുത്തിയിരുന്നു.