ഒറ്റയാള്‍ പട്ടാളമെന്ന സിനിമയിലെ 'മായാമഞ്ചലില്‍' എന്ന ഒറ്റ ഗാനത്തിലൂടെ മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗായകരില്‍ ഒരാളായി സ്ഥാനംപിടിച്ച രാധിക തിലകിന് ട്രിബ്യൂട് ഒരുക്കിയിരിക്കുകയാണ് മകള്‍ ദേവിക. 2015 സെപ്റ്റംബറിലാണ് ഈ അതുല്യ ഗായിക രാധിക അര്‍ബുധ രോഗത്തെ തുടര്‍ന്ന് വിടവാങ്ങിയത്. രാധികയുടെതായി മലയാളിക്ക് പ്രിയപ്പെട്ട മായാമഞ്ചലില്‍, കാനന കുയിലേ, ദേവസംഗീതം നീയല്ലേ എന്നീ ഹിറ്റ് ഗാനങ്ങളാണ് വീഡിയോയിലൂടെ ദേവിക പുനരാവിഷ്കരിച്ചത്. ഗായിക ശ്വേത മോഹനാണ് ദേവികക്ക് വേണ്ട പിന്തുണ നല്‍കിയത്. ശ്വേത മോഹനാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഏറെ നാളുകളായി ഇങ്ങനൊരു വീഡിയോ ചെയ്യുന്നതിനെ കുറിച്ച് താന്‍ ആലോചിക്കുകയായിരുന്നുവെന്നും എന്നാല്‍ സംഗീതത്തില്‍ വേണ്ടത്ര പരിശീലനം തനിക്ക് ലഭിച്ചിട്ടില്ലാത്തതാണ് തന്നെ ഇത്രയുംനാള്‍ പിന്നോട്ടടിപ്പിച്ചതെന്നും ദേവിക വീഡിയോക്കൊപ്പം കുറിച്ചു. അഞ്ച് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അറുപതില്‍ അധികം സിനിമാഗാനങ്ങള്‍ ആലപിച്ചിട്ടുള്ള രാധിക തിലക് ലളിത ഗാനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.