ഹോളിവുഡ് താരം ടോം ക്രൂസിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു 1986 ല്‍ പുറത്തിറങ്ങിയ ടോപ്പ് ഗണ്‍. ഇപ്പോഴിതാ മൂന്ന് പതിറ്റാണ്ടിന് ശേഷം സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാംഭാഗം തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. ടോപ്പ് ഗണ്‍ 2: മാവറിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ടോപ്പ് ഗണ്‍ എന്ന ചിത്രം ഇപ്പോഴും മനസില്‍ കൊണ്ടുനടക്കുന്ന ആരാധകര്‍ രണ്ടാംഭാഗത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്നതായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
- " class="align-text-top noRightClick twitterSection" data="">
പീറ്റ് മിച്ചല്‍ അഥവാ മാവറിക് എന്ന ടോം ക്രൂസ് കഥാപാത്രം ആദ്യ ചിത്രത്തിലേതുപോലെ മിലിറ്ററി കേഡറ്റ് ആയാണ് രണ്ടാംഭാഗത്തിലും എത്തുക. ചടുലമായ ദൃശ്യങ്ങളാല്‍ സമ്പന്നമാണ് ട്രെയിലര്‍. നായകന്‍ ഫൈറ്റര്‍ പ്ലെയിന്‍ പറത്തുന്ന രംഗങ്ങളൊക്കെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ജോയ് കസിന്‍സ്‌കിയാണ് സംവിധാനം. മൈൽസ് ടെല്ലെർ, വാൽ കില്‍മെർ, ജെന്നിഫർ കോണെല്ലി, ഗ്ലെൻ പവൽ, എഡ് ഹാരിസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഹാൻസ് സിമ്മറും ഹാരോൾഡ് ഫാൾടെർമെയെറുമാണ് സംഗീതം. എന്നാല്‍ സിനിമ തിയേറ്ററില്‍ എത്താന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം. 2020 ജൂണ്‍ 26 നാണ് റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്.