ബാറ്റ്മാനിലും കോമിക്ക് സീരീസിലും നായകന് എതിർവശം നിൽക്കുന്ന ജോക്കർ... പ്രേക്ഷകൻ നെഞ്ചോട് ചേർത്ത വില്ലനെ നായക കഥാപാത്രമാക്കി ടോഡ് ഫിലിപ്സ് മുഴുനീള ചലച്ചിത്ര ഭാഷ്യമൊരുക്കിയപ്പോൾ തന്‍റെ കരിയറിലെ ആദ്യ ഓസ്കർ നേട്ടം കൈവരിക്കുകയായിരുന്നു മികച്ച നടനെന്ന ഖ്യാതിയോടെ വാക്വിന്‍ ഫീനിക്സ്. അഭിനയം അനുഭവമാക്കിയുള്ള ഫീനിക്സിന്‍റെ ബെഞ്ച് മാർക്ക് പ്രകടനമായിരുന്നു ചിത്രത്തിന്‍റെ മുതൽക്കൂട്ട്. സിനിമ തുടർകഥയുമായി വീണ്ടും വെള്ളിത്തിരയിൽ എത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.
More Read: കലക്ഷനിൽ സർവകാല റെക്കോർഡ് തകർത്ത് 'ജോക്കർ'
ജോക്കറിന്‍റെ തുടർഭാഗത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണെന്ന് നിർമാതാക്കളായ വാർണർ ബ്രോസ് വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. സംവിധായകൻ ടോഡ് ഫിലിപ്സ് ജോക്കർ 2ന്‍റെ അണിയറപ്രവർത്തനങ്ങളുമായി തിരക്കിലാണെന്നും ഫീനിക്സിനെ തന്നെ പുതിയ ചിത്രത്തിലും കൊണ്ടുവരുമെന്നുമാണ് റിപ്പോർട്ടുകൾ.
ജോക്കറിന്‍റെ തുടർച്ചയാണെങ്കിലും ആദ്യ കഥ പോലെ പ്രേക്ഷകരിൽ പ്രതിധ്വനിയുണ്ടാക്കാൻ പുതിയ ചിത്രത്തിന് കഴിയുമെന്ന് ബോധ്യമായാൽ മാത്രമേ ജോക്കർ 2വുമായി മുന്നോട്ട് പോകാൻ തയ്യാറാകൂ എന്ന് സംവിധായകൻ വ്യക്തമാക്കിയെന്നും പറയപ്പെടുന്നു.