എറണാകുളം: സർക്കാർ നിർദേശമനുസരിച്ച് 25ന് തന്നെ തിയേറ്ററുകൾ തുറക്കുമെന്ന് തിയേറ്റർ ഉടമകൾ. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പ്രദർശനം. ബുധനാഴ്ച ഇതര ഭാഷ സിനിമകളോടെയാകും പ്രദർശനം ആരംഭിക്കുക.
നവംബർ 12ന് ദുൽഖര്‍ സല്‍മാന്‍റെ കുറുപ്പ്, 25ന് സുരേഷ് ഗോപിയുടെ കാവല്‍ എന്നീ ചിത്രങ്ങള്‍ പ്രദർശനത്തിന് എത്തുമെന്ന് ഫിയോക്ക് ഭാരവാഹികൾ കൊച്ചിയില്‍ ചേര്‍ന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചാർജ് വർധനയില്ലന്നും ഫിയോക്ക് ഭാരവാഹികൾ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം തിയേറ്ററില്‍ തന്നെയാകും റിലീസ് ചെയ്യുമെന്നും ഫിയോക്ക് ഭാരവാഹികള്‍ അറിയിച്ചു.
അമ്പത് ശതമാനം സീറ്റുകളിൽ മാത്രം പ്രവേശനം നടത്തി പ്രദർശനം നടത്തുന്നത് വലിയ സിനിമകളെ ബാധിക്കുമെന്നും ഫിയോക്ക് പ്രസിഡന്‍റ് വിജയകുമാര്‍ അറിയിച്ചു. ഓരോരുത്തരും രണ്ട് ഡോസ് വാക്സീൻ എടുക്കണമെന്നതും സിനിമയെ ബാധിക്കും. സർവീസ് ചാർജ് രണ്ടിൽ നിന്ന് അഞ്ചു ശതമാനമായി വർധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് സാനിറ്റൈസേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തിയേറ്ററുകളിൽ കൂടുതൽ ജീവനക്കാരെ ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്. ഇളവുകൾ സംബന്ധിച്ച് ഈ സർക്കാരിനെ കൊണ്ട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യാം എന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞിട്ടുണ്ട്. -വിജയകുമാർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കിൽ പൂർണ വിശ്വാസമുണ്ടെന്നും കഴിഞ്ഞ തവണ തിയേറ്ററുകൾ പൂട്ടിക്കിടന്ന കാലത്ത് ചില ഇളവുകൾ അനുവദിച്ചിരുന്നുവെന്നും തിയേറ്ററുടമകൾ ചൂണ്ടികാണിച്ചു. തിയേറ്റർ ഉടമകൾ ചേര്‍ന്ന യോഗത്തില്‍ തിയേറ്ററുകൾ തുറക്കുന്നതിനെ കുറിച്ച് ചർച്ചകള്‍ നടത്തിയിരുന്നു. നടൻ ദിലീപ് ഉൾപ്പടെയുള്ളവര്‍ യോഗത്തിൽ പങ്കെടുത്തിരുന്നു.