കണ്ണൂര്‍: ദിവസങ്ങള്‍ക്ക് മുമ്പാണ് ഉപാധികളോടെ തിയേറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ നിബന്ധകള്‍ പാലിച്ച് തിയേറ്ററുകള്‍ തുറന്നാല്‍ നഷ്ടത്തിന് മുകളില്‍ നഷ്ടം ഉണ്ടാകുമെന്നതിനാല്‍ കണ്ണൂരില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയില്ല. കൊവിഡ് മാനദണ്ഡം പാലിച്ച് അമ്പത് ശതമാനം സീറ്റുകളിൽ മാത്രം കാണികളെ ഉള്‍ക്കൊള്ളിച്ച് പ്രദര്‍ശനം നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇത് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതിനാൽ തീരുമാനം പുനപരിശോധനക്ക് വിധേയമാക്കണമെന്നാണ് തിയേറ്റർ ഉടമകള്‍ ആവശ്യപ്പെടുന്നത്.
എന്നാൽ സാമൂഹ്യ അകലം എന്ന നിയന്ത്രണം പാലിച്ചേ പറ്റൂ എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. നിലവിലെ സാഹചര്യത്തിൽ തിയേറ്ററുകൾ തുറക്കുന്നതിന് വേറെയുമുണ്ട് നിരവധി ബുദ്ധിമുട്ടുകള്‍. മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നതിനാല്‍ അറ്റകുറ്റപണികൾ അനിവാര്യമാണ്. ഇപ്പോള്‍ അത്തരം പ്രവൃത്തികളാണ് നടക്കുന്നത്. കൊവിഡ് വ്യാപന ഭീതിയുള്ളതിനാൽ സകുടംബം ആളുകൾ തിയേറ്റുകളിൽ വരാൻ മടിക്കുമെന്നും ഉടമകള്‍ പറയുന്നു. ഇത്തരം വരുമാന നഷ്ടം മറികടക്കാൻ വിനോദ നികുതിയിളവ്, വൈദ്യുതി താരീഫിൽ ഇളവ് എന്നിവ നല്‍കണമെന്നും തിയേറ്റര്‍ ഉടമകൾ ആവശ്യപ്പെടുന്നു. കൊവിഡ് പിടിമുറിക്കിയ മാർച്ച് 17 മുതലാണ് കേരളത്തിലെ തിയേറ്ററുകള്‍ അടച്ചത്.