എറണാകുളം: സുരേഷ് ഗോപി നായകനാവുന്ന ചിത്രം കാവലിന്‍റെ അവസാന ഷെഡ്യൂളിന്‍റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ താല്‍കാലികമായി നിർത്തിവെച്ചിരുന്ന സിനിമയുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്.
നിധിൻ രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പത്ത് ദിവസത്തെ ചിത്രീകരണം കൂടിയുണ്ട്. പാലക്കാടുള്ള ചിത്രീകരണം പൂർത്തിയായത്തിന് ശേഷം വണ്ടിപ്പെരിയാറിലാകും മറ്റ് ഭാഗങ്ങള്‍ ചിത്രീകരിക്കുക. കസബയ്‌ക്ക് ശേഷം നിധിൻ രഞ്ജി പണിക്കർ ഒരുക്കുന്ന സിനിമയാണ് കാവൽ. തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലാൽ, രഞ്ജി പണിക്കാർ, സുരേഷ് കൃഷ്ണ, സയാ ഡേവിഡ്, സാദിഖ്, ശങ്കർ രാമകൃഷ്ണൻ, മുത്തുമണി, ഐ.എം വിജയൻ, സുജിത് ശങ്കർ, അലൻസിയർ, എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഗുഡ്‌വിൽ എന്‍റര്‍ടെയ്‌ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന സിനിമയിൽ നിഖിൽ.എസ്.പ്രവീണാണ് ഛായാഗ്രാഹകൻ. രഞ്ജിൻ രാജാണ് സംഗീത സംവിധാനം. സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ എത്തിയ 'കാവൽ' ടീസറിന് വലിയ പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി ഒരു മാസ് റോളിലെത്തുന്ന സിനിമ കൂടിയാണ് കാവൽ.