ദളപതി വിജയിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മാസ്റ്റര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മാതാവ് സേവ്യര്‍ ബ്രിട്ടോ. എത്ര വൈകിയാലും മാസ്റ്റര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും തിയേറ്ററുകളില്‍ മാത്രമെ റിലീസ് ചെയ്യുകയുള്ളുവെന്നും സേവ്യര്‍ ബ്രിട്ടോ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കൊറോണ വൈറസ് മഹാമാരിയെ കണക്കാക്കി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഈ വര്‍ഷം ദീപാവലിക്കോ അല്ലെങ്കില്‍ 2021ലെ പൊങ്കലിനോട് അനുബന്ധിച്ചോ മാത്രമെ ചിത്രം പ്രദര്‍ശിപ്പിക്കുവെന്നും അദ്ദേഹം പറഞ്ഞു. വിജയ് നായകനായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'വിജയ് സിനിമകള്‍ സൗത്ത് ഇന്ത്യയില്‍ വലിയ ലാഭം കൊയ്യാറുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ഉടന്‍ തന്നെ മറ്റ് സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം ലഭിക്കും. മറ്റ് സിനിമകള്‍ക്കുണ്ടായൊരു അവസ്ഥ മാസ്റ്ററിന് ഉണ്ടാകാന്‍ പാടില്ലെന്നും അതിനാല്‍ കൊവിഡ് മാറിയശേഷം മാത്രമെ മാസ്റ്ററിന്‍റെ വമ്പന്‍ റിലീസുണ്ടാകുവെന്നും' സേവ്യര്‍ ബ്രിട്ടോ പറഞ്ഞു.