അണിയറയില്‍ ഒരുങ്ങുന്ന അജിത്ത്-എച്ച്.വിനോദ് ചിത്രം വലിമൈയുടെ ചിത്രീകരണത്തിനിടെ നടന്‍ അജിത്തിന് വീണ്ടും പരിക്ക്. ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. താരമിപ്പോള്‍ ഹൈദരാബാദില്‍ ചികിത്സയിലാണ്. മുമ്പും ഒരു തവണ അജിത്തിന് വലിമൈ ചിത്രീകരണത്തിനിടെ ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റിരുന്നു.
കൊവിഡിനെ തുടര്‍ന്ന് മാസങ്ങളായി സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അടുത്തിടെയാണ് ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ ഷൂട്ടിങ് പുനഃരാരംഭിച്ചത്. താരത്തിന്‍റെ കൈയ്ക്കും കാലിനും പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. താരത്തിന് പരിക്കേറ്റതോടെ സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ ഒരു മാസം കൂടി നീളും.
ബൈക്ക് റേസിങിനോട് പ്രിയമുള്ള അജിത്തിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യം പരിക്കേറ്റത്. താരം ഡ്യൂപ്പില്ലാതെയാണ് റേസിങ് രംഗങ്ങളില്‍ അഭിനയിക്കാറുള്ളത്. വലിമൈയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രമാണ് അജിത്ത് അവതരിപ്പിക്കുന്നത്. ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറാണ് വലിമൈ നിര്‍മിക്കുന്നത്. അജിത്തിന്‍റെ നേര്‍കൊണ്ട പാര്‍വൈ ബോണി കപൂറായിരുന്നു നിര്‍മിച്ചത്. ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ നായിക. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കുന്നത്. ചിത്രം വിവിധ ഭാഷകളില്‍ മൊഴിമാറ്റിയെത്തും.