കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ വിജയ്. സിഎഎ വിഷയത്തിലും തനിക്കെതിരെ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡുകളിലും തന്‍റെ പ്രതിഷേധവും നിലപാടും ചെന്നൈയിൽ നടന്ന 'മാസ്റ്റർ' ഓഡിയോ ലോഞ്ച് പരിപാടിയിലാണ് അദ്ദേഹം വ്യക്തമാക്കിയത്.
'നിയമം ജനങ്ങൾക്ക് വേണ്ടിയായിരിക്കണം. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിർമാണം നടത്തേണ്ടത്. സർക്കാർ സ്വന്തം താല്‍പര്യമനുസരിച്ച് നിയമം നിർമിച്ച ശേഷം ജനങ്ങളെ അത് പിന്തുടരാൻ നിർബന്ധിക്കുകയല്ല വേണ്ടത്. റെയ്ഡുകളില്ലാത്ത പഴയ ജീവിതം തിരിച്ചു വേണം... സമാധാനമുള്ള പഴയ ജീവിതം തിരിച്ച് കിട്ടണം. എതിർപ്പുകൾ വിജയം കൊണ്ട് കീഴ്‌പ്പെടുത്തും... അക്രമങ്ങളെ പുഞ്ചിരി കൊണ്ട് നേരിടും... സത്യത്തിനായി നിലകൊള്ളാൻ ചിലപ്പോൾ നിശബ്ദനാകേണ്ടി വരും...' വിജയ് പറഞ്ഞു.
വിജയിക്ക് എതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് നടി ഖുശ്ബു അടക്കമുള്ള തമിഴ് സിനിമാ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്വത്ത് ഇടപാടുകളിലെ വിശദപരിശോധന പൂര്‍ത്തിയാകാതെ നടപടി ഉടൻ അവസാനിപ്പിക്കില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ. വിജയ് സേതുപതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.