എറണാകുളം: അഭ്രപാളികളില്‍ സൗന്ദര്യത്തിന്‍റെയും അഭിനയത്തിന്‍റെയും മാസ്മരികത നിറച്ച കലാകാരി സില്‍ക്ക് സ്മിതയുടെ ജീവിതം പ്രമേയമാക്കി വീണ്ടും സിനിമ വരുന്നു. കെ.എസ് മണികണ്ഠനാണ് തമിഴില്‍ 'അവള്‍ അപ്പടിതാന്‍' എന്ന പേരില്‍ ബയോപിക് ഒരുക്കുന്നത്. ഗായത്രി ഫിലിംസിന്‍റെ ചിത്ര ലക്ഷ്മണനും മുരളി സിനി ആർട്‌സിന്‍റെ മുരളിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുക.
സിൽക്ക് സ്മിതയുടെ കഥാപാത്രം ആരും ചെയ്യും എന്നത് പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി നേരത്തെ ബോളിവുഡില്‍ 'ദി ഡേട്ടി പിക്ച്ചര്‍' എന്ന സിനിമ റിലീസ് ചെയ്‌തിരുന്നു. മിലന്‍ ലുത്രിയ ഒരുക്കിയ ദി ഡേട്ടി പിക്ച്ചറില്‍ സില്‍ക്കായത് നടി വിദ്യാ ബാലനായിരുന്നു. 2011 ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രം ഏറെ നിരൂപക പ്രശംസ നേടുകയും ചിത്രത്തിലെ അഭിനയത്തിന് 2011ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വിദ്യാ ബാലന് ലഭിക്കുകയും ചെയ്തിരുന്നു.
ഒരു നിര്‍ധന കുടുംബത്തിൽ ജനിച്ച വിജയലക്ഷ്മി എന്ന സിൽക്ക് സ്മിതയെ കടുത്ത ദാരിദ്ര്യമാണ് സിനിമയിലേക്ക് എത്തിച്ചത്. 16 വർഷത്തെ അഭിനയ ജീവിതത്തിൽ തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി 450ല്‍ അധികം സിനിമകളിലാണ് സ്മിത അഭിനയിച്ചത്.