ഡെര്‍മറ്റോളജിക്കല്‍ ചികിത്സയില്‍ സംഭവിച്ച പിഴവിനെ തുടര്‍ന്ന് നടി റെയ്‌സ വില്‍സണിന്‍റെ മുഖം നീരുവച്ച് വീര്‍ത്തു. മുഖത്തിന്‍റെ ചിത്രം നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. തൊലിയിലെ ചികിത്സക്കായി സമീപിച്ച ആശുപത്രിയുടെയും ഡോക്ടറുടെയും പേര് കൂടി പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. താരത്തിന്‍റെ വലതുകണ്ണിന്‍റെ താഴെ കറുത്ത നിറത്തില്‍ വീര്‍ത്ത നിലയിലാണ്. 'ഒരു സാധാരണ ഫേഷ്യല്‍ ട്രീറ്റ്‌മെന്‍റിനായി പോയതാണ്. എന്നാല്‍ ആവശ്യമില്ലാഞ്ഞിട്ട് കൂടി നിര്‍ബന്ധപൂര്‍വം മറ്റൊരു ചികിത്സ കൂടി അവര്‍ നടത്തി. അതിന്‍റെ ഫലമാണിത്...' റെയ്‌സ പറയുന്നു. ഡോ.ഭൈരവി സെന്തിലിന്‍റെ അടുത്താണ് ചികിത്സയ്ക്കായി പോയതെന്നും റെയ്സ പറയുന്നു.
Also read: പ്രണവിന്‍റെ 'ഹൃദയ'ത്തിന് ആശംസകള്‍ നേര്‍ന്ന് ചിരഞ്ജീവി
സംഭവത്തിന് ശേഷം ഡെര്‍മറ്റോളജിസ്റ്റ് തന്നെ കാണാന്‍ തയ്യാറാകുന്നില്ലെന്നും റെയ്സ പറയുന്നു. 'എന്നെ കാണാനോ സംസാരിക്കാനോ അവര്‍ തയ്യാറാകുന്നില്ല. സ്ഥലത്ത് ഇല്ലെന്നാണ് അവരുടെ ജീവനക്കാര്‍ പറയുന്നത്' ഇന്‍സ്റ്റാ സ്റ്റോറിയില്‍ റെയ്സ കുറിച്ചു. താന്‍ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ ഈ ഡോക്ടറെ കുറിച്ച് പരാതിയുമായി നിരവധി ഫോളോവേഴ്സും മുന്നോട്ട് വന്നിട്ടുണ്ടെന്ന കാര്യവും നടി പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.