മുംബൈ: സംഗീത നിർമാണ കമ്പനിയായ ടി സീരീസിന്‍റെ മേധാവി ഭൂഷൺ കുമാറിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കമ്പനി. കമ്പനിയുടെ ഭാവി പദ്ധതികളിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി നടിയും മോഡലുമായ യുവതിയെ പീഡിപ്പിച്ചുവെന്നാണ് ഭൂഷൺ കുമാറിനെതിരായ പരാതി.
2017 മുതൽ 2020 വരെയുള്ള കാലയളവിൽ ഭൂഷൺ കുമാർ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ ഈ ആരോപണം വ്യാജമാണെന്ന് ടി സീരീസ് പ്രസ്താവനയില്‍ പറഞ്ഞു.
യുവതിക്കെതിരെ കമ്പനി
ടി സീരീസ് ബാനറില്‍ ഇറങ്ങിയ ഫിലിം, മ്യൂസിക് വീഡിയോകളില്‍ യുവതി അഭിനയിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. 2021 മാര്‍ച്ചില്‍ താൻ നിര്‍മിക്കുന്ന വെബ് സീരീസിന് വേണ്ടി ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതി ഭൂഷണ്‍ കുമാറിനെ സമീപിച്ചിരുന്നു. ഇത് അദ്ദേഹം നിരസിച്ചു. പിന്നീട് ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമവും നടത്തി.
അതിനെതിരെ ജൂലൈ 1ന് അമ്പോലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതി ഭീഷണിപ്പെടുത്തിയതിന് തെളിവായി തങ്ങളുടെ പക്കല്‍ ശബ്ദരേഖയുണ്ടെന്നും അത് അന്വേഷണ ഏജൻസിക്ക് കൈമാറുമെന്നും കമ്പനി അറിയിച്ചു.
യുവതിയുടെ ആരോപണങ്ങള്‍ക്ക് ഇതാണ് കാരണമെന്നും കമ്പനി പറഞ്ഞു. പരാതിയില്‍ ഭൂഷൺ കുമാറിനെതിരെ മുംബൈ അന്ധേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ അഭിഭാഷകരുമായി ആലോചിച്ച് ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ടി-സീരീസ് അറിയിച്ചു.