നടനും സംവിധായകനുമായ മധുപാലിന് നേരെ സൈബര്‍ ആക്രമണം. ഫേസ്ബുക്ക് പേജിലാണ് തെറിവിളികളും പരിഹാസങ്ങളും നിറയുന്നത്. തെരഞ്ഞെടുപ്പിനെ കുറിച്ച് നടത്തിയ ഒരു പ്രസ്താവനയാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍. "നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്" എന്നായിരുന്നു ഫേസ് ബുക്കില്‍ മധുപാല്‍ എഴുതിയ പ്രസ്താവന. എന്നാല്‍ എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നതോടെ ഫെയ്സ് ബുക്കില്‍ അനുശോചനമറിയിച്ചുള്ള കമന്‍റുകള്‍ നിറയുകയായിരുന്നു.
"വാക്ക് പാലിക്കില്ലെങ്കിൽ നിന്റെ വീടിനു മുന്നിൽ റീത്ത് വച്ചു അനുശോചന സമ്മേളനം നടത്തും.." തുടങ്ങിയ രീതിയിലുള്ള കമന്‍റുകളാണ് പ്രതികരണമായി വന്നത്. എന്നാല്‍ മധുപാല്‍ ഇതിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. "ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെത്തെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളെ അനുകൂലിക്കാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഓരോ ചോദ്യം ചെയ്യലും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു സമരമാണ്. ഇക്കുറി ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പും അതുപോലെ തന്നെ ഒരു സമരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ജനാധിപത്യം നിലനിര്‍ത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം. ഇതില്‍ വിജയിക്കേണ്ടത് ജനാധിപത്യമാണ്. അല്ലാതെ ഉള്ളുപൊള്ളയായ ദേശസ്‌നേഹത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വര്‍ഗീയതയല്ല..." എന്നിങ്ങനെയാണ് മധുപാല്‍ കുറിച്ചിരിക്കുന്നത്.
മധുപാലിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മധുപാല്‍ ആത്മഹത്യ ചെയ്യും എന്ന തരത്തില്‍ വ്യാപകമായി പ്രചാരണം സോഷ്യല്‍ മീഡിയായില്‍ കണ്ടു. ഞാന്‍ പറഞ്ഞതെന്ത് എന്തു മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ പൂര്‍ണമായും ഉള്‍ക്കൊണ്ടും കാര്യങ്ങളെ വളച്ചൊടിച്ച് അവരുടെ ഇഷ്ടം പോലെ തരാതരമാക്കി മാറ്റാനുള്ള ഹീനതയെ അംഗീകരിച്ചുകൊണ്ടും ഞാന്‍ പറഞ്ഞതെന്തെന്ന് വ്യക്തമാക്കാം.
'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടുത്തെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളെ അനുകൂലിക്കാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ അഭിപ്രായ സ്വാന്ത്ര്യത്തെ ഖണ്ഡിക്കാന്‍ ദേശഭക്തി, രാജ്യസുരക്ഷ തുടങ്ങിയ പല തന്ത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് അടുത്ത കാലത്ത് കണ്ടു. പക്ഷേ നമ്മള്‍ മനസിലാക്കേണ്ടത്, എന്തു കൊണ്ട് എന്ന ചോദ്യമുന്നയിക്കുമ്പോഴാണ് ഒരു ജനാധിപത്യത്തില്‍ ഒരു പൗരന്‍ അയാളുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നത്. ദേശഭക്തിയും രാജ്യസ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയുന്നു, ഓരോ പൗരനും ചോദ്യം ചോദിക്കാന്‍ ധൈര്യമുള്ളവരാകണം. ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ്.'
അതെ, ഞാന്‍ അങ്ങിനെ തന്നെ വിശ്വസിക്കുന്നു. ചോദ്യം ചോദിക്കുന്നതിനെ ഭരണകൂടങ്ങള്‍ ഭയപ്പെട്ടു തുടങ്ങുന്നുവെങ്കില്‍, ചോദ്യം ചോദിക്കുന്നവന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യലാണ് ഭരണകൂടം മുന്നോട്ടു വെയ്ക്കുന്ന പ്രതിവിധിയെങ്കില്‍ നമ്മള്‍ മനസിലാക്കേണ്ടത് ആ ഭരണകൂടം ജനാധിപത്യത്തില്‍ നിന്നു വ്യതിചലിച്ചു തുടങ്ങുന്നുവെന്നാണ്. ജനാധിപത്യത്തിന്റെ മരണം പൗരബോധത്തിന്റെയും പൗരന്റെയും മരണമാണ്. അങ്ങനെ മരിക്കാതിരിക്കാന്‍, ജനാധിപത്യത്തിന്റെ ജ്വാല കെട്ടുപോകാതിരിക്കാന്‍, നമ്മള്‍ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കണം. ജനാധിപത്യം മരിക്കുമ്പോള്‍ ഭരണഘടന മരിക്കുന്നു. അതു മുന്നോട്ടു വെയ്ക്കുന്ന പൗരാവകാശങ്ങള്‍ മരിക്കുന്നു. ഓരോ ചോദ്യം ചെയ്യലും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഒരു സമരമാണ്. ഓരോ ചോദ്യവും ജനാധിപത്യത്തിന്റെ ജീവശ്വാസമാണ്. അതു നമ്മള്‍ തുടര്‍ന്നുകൊണ്ടേയിരിക്കണം.
ഇക്കുറി ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പും അതുപോലെ തന്നെ ഒരു സമരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു ജീവന്മരണ സമരമാണ്. ജനാധിപത്യം നിലനിര്‍ത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം. ഇതില്‍ വിജയിക്കേണ്ടത് ജനാധിപത്യമാണ്. അല്ലാതെ ഉള്ളുപൊള്ളയായ ദേശസ്‌നേഹത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വര്‍ഗീയതയല്ല. ഇനിയും വോട്ടു രേഖപ്പെടുത്താന്‍ നമുക്ക് ജനാധിപത്യത്തിലൂന്നിയ തിരഞ്ഞെടുപ്പുകളുണ്ടാകണമെന്ന്, ഇന്ത്യയുടെ ജനാധിപത്യമെന്നത് ജനലക്ഷങ്ങള്‍ അവരുടെ രക്തവും വിയര്‍പ്പും ജീവനും ഊറ്റിത്തന്ന് നേടിയെടുത്തും സംരക്ഷിച്ചും തന്നതാണെന്ന ബോധത്തോടു കൂടിതന്നെ നമുക്ക് നമ്മുടെ വോട്ടുകള്‍ രേഖപ്പെടുത്താനാവണം. ആ ജനാധിപത്യത്തിന്റെ സംരക്ഷണമാകണം നമ്മുടെ ലക്ഷ്യം. ഇല്ലെങ്കില്‍ നാം മൃതതുല്യരാവുക തന്നെ ചെയ്യും.
മധുപാൽ